മാലിന്യം കത്തിച്ച സ്വകാര്യാസ്പത്രിക്ക് 25000 പിഴ

കണ്ണൂർ: ജില്ലാ എൻഫോഴ്‌സ്‌മെന്റസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിന് കണ്ണൂർ ടൗണിലെ ഫാത്തിമ ആസ്പത്രിക്ക് കാൽലക്ഷം രൂപ പിഴ ചുമത്തി. ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി ടെറസിന് മുകളിൽ നിർമിച്ച ചൂളയിൽ കത്തിക്കുന്ന രീതിയിലാണ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയത്.
ഭക്ഷണ മാലിന്യങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, അലുമിനിയം ഫോയിലുകൾ തുടങ്ങിയവ കൂട്ടിയിട്ട് ആരോഗ്യത്തിന് അപകടമാകുന്ന വിധത്തിൽ കത്തിക്കുകയായിരുന്നു. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്‌സ്‌മെന്റ് ഓഫിസർ കെ.ആർ.അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ, കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി.വിജേഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.