100 കോടിയുടെ ഹവാലക്കടത്ത്: ഇ.ഡി റെയ്ഡിന് തൊട്ടുമുൻപ് ‘ഹൈറിച്ച്’ ഉടമകളായ ദമ്പതികൾ മുങ്ങി

Share our post

തൃശൂർ : എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ട‌റേറ്റ് (ഇ.ഡി) അധികൃതർ റെയ്‌ഡിനെത്തുന്നതിന് തൊട്ടുമുൻപ്, ഓൺലൈൻ നെറ്റ്‌വർക് മാർക്കറ്റിങ് കമ്പനിയായ ‘ഹൈറിച്ച്’ ഉടമകൾ സ്‌ഥലം വിട്ടു. തൃശൂർ ചേർപ്പ് സ്വദേശികളായ കമ്പനിയുടെ എം.ഡി കെ.ഡി. പ്രതാപൻ, ഭാര്യയും കമ്പനി സി.ഇ.ഒ.യുമായ ശ്രീന പ്രതാപൻ, ഡ്രൈവർ ശരൺ എന്നിവരാണ് മുങ്ങിയത്. ഇന്ന് രാവിലെ 10.30ഓടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനകൾക്കായി തൃശൂരിലെ ഇവരുടെ വീട്ടിലെത്തിയത്.

ഉദ്യോഗസ്‌ഥർ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപാണ് ഇവർ വാഹനത്തിൽ കടന്ന് കളഞ്ഞത്. മൂവരെയും കണ്ടെത്താൻ ഇ.ഡി ഉദ്യോഗസ്‌ഥർ പൊലീസിൻ്റെ സഹായം തേടി. അതേസമയം, ഉടമസ്‌ഥർ വീട്ടിൽ നിന്ന് മുങ്ങിയെങ്കിലും ഇവിടെ ഇ.ഡി.യുടെ പരിശോധന തുടരുകയാണ്. ഇവരെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ പലവഴിക്കും ശ്രമിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. 

100 കോടി രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നാണ് ഇവർക്കെതിരായ പരാതി. വടക്കാഞ്ചേരി മുൻ എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയാണ് ഇവർക്കെതിരെ കേസ് കൊടുത്തത്. ഒന്നര ലക്ഷം ആളുകളിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇവർ സമാഹരിച്ചത്. പണം നഷ്ടമായവരുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരവും കേസെടുത്തിരുന്നു. 

തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഈ കമ്പനി നടത്തിയത് 1600 കോടിയിലധികം രൂപയുടെ തട്ടിപ്പാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ നടന്ന മണിചെയിൻ തട്ടിപ്പെന്നാണ് പൊലീസിൻ്റെ റിപ്പോർട്ടിലുള്ളത്. 126 കോടി രൂപയുടെ ജി.എസ്‌.ടി തട്ടിപ്പിൽ ആദായനികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, റെയ്‌ഡ് വിവരം ചോർന്ന് കിട്ടിയതിനെ തുടർന്നാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് വിവരം. ചേർപ്പ് പൊലീസാണ് റെയ്‌ഡ് വിവരം ഇവർക്ക് ചോർത്തി നൽകിയതെന്ന് മുൻ എം.എൽ.എ അനിൽ അക്കര ആരോപിച്ചു. “പൊലീസാണ് ഇതിൽ യഥാർഥ പ്രതി. ചേർപ്പ് പൊലീസിന് പാർട്‌ണർഷിപ് ഉണ്ട് എന്ന് പറയാവുന്ന തരത്തിലാണ് അവരുമായുള്ള ബന്ധം”. അനിൽ അക്കര പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!