നവ കായിക കേരളത്തിന് കാഹളം; കായിക ഉച്ചകോടി നാളെ മുതൽ

തിരുവനന്തപുരം : നവ കായിക കേരള നിർമിതിക്കായി ആഗോള പങ്കാളിത്തവും നിക്ഷേപവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിക്ക് നാളെ തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കായികമന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനാകും.
മുൻ ഇന്ത്യൻ അത്‌ലീറ്റ് അശ്വിനി നച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, മിന്നു മണി എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. 26 വരെ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഉച്ചകോടിയിൽ 25 രാജ്യങ്ങളിൽനിന്നും 18 സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ എത്തും. 2000 നിക്ഷേപകരും 300 പ്രഭാഷകരും 10,000 ഡെലിഗേറ്റുകളും ഉൾപ്പെടെ ഉദ്ദേശം 80,000 പേർ പങ്കെടുക്കും. കായിക മേഖലയിൽ നിർണായക വികസനങ്ങൾക്ക് വഴി തുറക്കുന്ന ധാരണപത്രങ്ങൾ ഒപ്പുവയ്ക്കും. 13 വിഷയങ്ങളിലായി ദേശീയ, രാജ്യാന്തര വിദഗ്ധർ പങ്കെടുക്കുന്ന 105 സമ്മേളനങ്ങളും ഉച്ചകോടിയുടെ ഭാഗമായി നടക്കും.
കാര്യവട്ടത്തെ 13 വേദികളിലായി കായികവിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ, അക്കാദമിക് സെഷനുകൾ, നിക്ഷേപകസംഗമം, റൗണ്ട് ടേബിൾ ചർച്ചകൾ, വൺ ടു വൺ മീറ്റുകൾ,സംരംഭകത്വ ആശയങ്ങളുടെ അവതരണം, കായികോൽപ്പന്നങ്ങളുടെ പ്രദർശനം, സ്പോർട്സ് ആർക്കേവ്, സ്പോർട്സ് കമ്യൂണിറ്റി നെറ്റ‍്‌വർക്കിങ്, കായിക കലാപ്രദർശനം എന്നിവയുണ്ടാകും. കായികതാരങ്ങളായ ഐ.എം. വിജയൻ, ഗഗൻ നരംഗ്, ബെയ്‌ച്ചുങ് ബൂട്ടിയ, സി.കെ. വിനീത്, രഞ്ജിത് മഹേശ്വരി, നാഷണൽ റാലി ചാമ്പ്യൻ മൂസ ഷെരീഫ്, ഇന്ത്യൻ അത്‍ലറ്റിക്‌സ് ചീഫ് കോച്ച് രാധാകൃഷ്ണൻനായർ, ഒളിമ്പിക് മെഡൽ ജേതാവ് ജിമ്മി അലക്സാണ്ടർ ലിഡ്ബർഗ് തുടങ്ങിയവർ പങ്കെടുക്കും.