നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം: ചിറ്റാരിപ്പറമ്പ്-വട്ടോളി റോഡ് നവീകരണം തുടങ്ങി

ചിറ്റാരിപ്പറമ്പ് : വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ചിറ്റാരിപ്പറമ്പ്-വട്ടോളി റോഡിന്റെ നവീകരണ പ്രവൃത്തി തുടങ്ങി. ഏറെക്കാലമായി യാത്രാദുരിതം നേരിടുന്ന റോഡിന്റെ നവീകരണം തുടങ്ങിയത് യാത്രക്കാർക്ക് വലിയ ആശ്വാസമായി.
2.58 കോടി രൂപ ചെലവിട്ടാണ് റോഡ് നവീകരണം നടത്തുന്നത്. ചിറ്റാരിപ്പറമ്പ് ടൗണിൽനിന്ന് ആരംഭിക്കുന്ന വട്ടോളി റോഡിന്റെ ഒന്നരക്കിലോമീറ്റർ ദൂരമാണ് നവീകരിച്ച് അഞ്ചരമീറ്റർ വീതിയിൽ മെക്കാഡം ടാറിങ് നടത്തുക. റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്ന ആറ് സ്ഥലങ്ങളിൽ നിർമിക്കുന്ന കലുങ്കുകളുടെയും ഓവുചാലുകളുടെയും നിർമാണം തുടങ്ങി. നവീകരണത്തിന്റെ ഭാഗമായി റോഡിലെ താഴ്ന്നസ്ഥലങ്ങൾ മണ്ണിട്ട് ഉയർത്തുകയും റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്യും.
പാലത്തിലേക്കുള്ള റോഡ് ചിറ്റാരിപ്പറമ്പ്-വട്ടോളി റോഡ് നവീകരണവും നിർമാണം നടക്കുന്ന വട്ടോളി പുതിയ പാലത്തിന്റെ അനുബന്ധ റോഡ് നിർമാണവും പൂർത്തിയാകുന്നതോടെ ഇതുവഴിയുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകും.
നിർമാണം പൂർത്തിയാകുന്നതോടെ ചിറ്റാരിപ്പറമ്പിൽനിന്ന് വാഹനങ്ങൾക്ക് വട്ടോളിപ്പാലവും നിർമാണം പൂർത്തിയായ കോട്ടയിൽപാലവും കടന്ന് എളുപ്പമാർഗം തൃക്കട്ടാരിപ്പൊയിൽ, പേരാവൂർ, മാലൂർ, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിൽ എത്താം.
100 വർഷം പഴക്കമുള്ള റോഡ് പുനരുദ്ധരിച്ച് മെക്കാഡം ടാറിങ് നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വട്ടോളി പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റിയാണ് സഞ്ചരിക്കുന്നത്.
നിർമാണം പൂർത്തിയാകുന്നതോടെ ഇതുവഴി ബസ് സർവീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുകരയിലുമുള്ള നാട്ടുകാർ.