20 ബസുകൾ കൂടി ഇറക്കാൻ കെ.എസ്.ആർ.ടി.സി; മലയോരത്തിന് ആശ്വാസം

Share our post

കണ്ണൂർ: മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരമാകാൻ കണ്ണൂർ ഡിപ്പോയിൽ നിന്ന് കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ. കണ്ണൂർ ഡിപ്പോയിൽ നിന്ന് 20 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ കൂടി ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികൾ പരോഗമിക്കുകയാണ്.

ഇതോടെ മലയോരത്തിന്റെ നിലവിലുള്ള പ്രശ്നങ്ങൾക്ക് ചെറിയതോതിലെങ്കിലും പരിഹാരമാകും. കണ്ണൂർ ഇരിട്ടി റൂട്ടിലേക്കാണ് കൂടുതൽ ബസുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ കണ്ണൂർ -ഇരിട്ടി റൂട്ടിലേക്ക് 70 കെ.എസ്.ആർ.ടി.സി ട്രിപ്പുകളാണുള്ളത്. 20 ബസുകൾ അനുവദിക്കുമ്പോൾ പത്തെണ്ണം കൂടി ഈ റൂട്ടിൽ ഓടിക്കാനാണ് കെ.എസ്.ആർ.ടി.സി തീരുമാനം. ഇതോടെ ഈ റൂട്ടിൽ യാത്രാ പ്രശ്നം എന്നത് ഉണ്ടാവുകയേ ഇല്ല.

നിലവിൽ നിരവധി സ്വകാര്യ ബസുകളും ഈ റൂട്ടിലുണ്ട്. പുതുതായി അനുവദിക്കുമ്പോൾ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസുകൾ ഓർഡിനറി ബസുകളായിട്ടാണ് സർവീസ് നടത്തുക. ഇതിന് പുറമേ കണ്ണൂർ -പഴയങ്ങാടി -പയ്യന്നൂർ, തളിപ്പറമ്പ് -ഇരിട്ടി റൂട്ടുകളിൽ അഞ്ചുവീതം ബസുകളും പുതുതായി എത്തും. പഴയങ്ങാടി ഭാഗത്തേക്ക് കൂടുതൽ ബസുകൾ അനുവദിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്.

കൂടുതൽ ബസുകൾ ലഭിക്കുകയാണെങ്കിൽ കണ്ണൂർ -കാസർകോട്, തലശേരി -ഇരിട്ടി റൂട്ടുകളിൽ സർവിസുകൾ വർദ്ധിപ്പിക്കും. ശബരിമല ഡ്യൂട്ടിക്കായി കണ്ണൂർ ഡിപ്പോയിൽ നിന്ന് എട്ട് ബസുകൾ പോയിരുന്നു. ഇത് ദീർഘദൂര യാത്രക്കാരെ ബാധിച്ചിരുന്നു. എന്നാൽ നിലവിൽ ബസുകൾ തിരിച്ചെത്തിയിട്ടുണ്ട്. കണ്ണൂർ കോഴിക്കോട് റൂട്ടിലെ ബസുകളുടെ എണ്ണകുറവും പരിഹരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

പ്രാദേശികമായി പുതിയ ബസ് റൂട്ടുകൾ

പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശികമായി പുതിയ ബസ് റൂട്ടുകൾ ആരംഭിക്കാൻ പുതിയ ഗതാഗത മന്ത്രി ചുമതലയേറ്റതിന് ശേഷം തീരുമാനിച്ചിട്ടുണ്ട്. ഗതാഗതയോഗ്യമുള്ള റോഡ് സൗകര്യമുണ്ടായിട്ടും ബസുകൾ സർവീസ് നടത്താത്ത റൂട്ടാണെങ്കിൽ ഇക്കാര്യം മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം. വകുപ്പ് അധികൃതർ പഠനം നടത്തി തീരുമാനെമെടുക്കും. എന്നാൽ മികച്ച ഗതാഗത സൗകര്യമുണ്ടായിട്ടും ബസുകൾ സർവീസ് നടത്തുന്നില്ല ആക്ഷേപവും മലയോരത്ത് നിന്ന്‌ നേരത്തെ തന്നെ ഉയരുന്നുണ്ട്. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഏത് വേണം എന്നതും ആലോചിച്ച് തീരുമാനിക്കും. സ്വകാര്യ ബസ് ഉടമകളുമായി ഇക്കാര്യം ചർച്ച ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!