ഐ.ടി കമ്പനികളുടെ ഇഷ്ട നഗരമാകാൻ കോഴിക്കോട്‌

Share our post

കോഴിക്കോട്‌ : ഡിസൈൻ ടെക്‌നോളജി സേവന ദാതാക്കളായ ടാറ്റ എലക്‌സി ഉൾപ്പെടെയുള്ള വമ്പന്മാരുടെ വരവോടെ, മെട്രോ നഗരങ്ങൾക്ക്‌ പുറത്തേക്ക്‌ ബിസിനസ്‌ വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന ഐ.ടി കമ്പനികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ്‌ കോഴിക്കോട്‌. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും താരതമ്യേന കുറഞ്ഞ ചെലവുമാണ്‌ ഇവരെ ആകർഷിക്കുന്നത്‌. ദേശീയപാത വികസനംകൂടി പൂർത്തിയാകുന്നതോടെ കൂടുതൽ കമ്പനികൾ എത്തിയേക്കും. അഞ്ചുവർഷത്തിനകം ഒരു ലക്ഷം ഐടി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ഐ.ടി വികസനം ലക്ഷ്യമാക്കി രൂപീകരിച്ച കാലിക്കറ്റ്‌ ഇന്നോവേഷൻ ആൻഡ്‌ ടെക്‌നോളജി ഇനിഷ്യേറ്റീവ്‌ (സിറ്റി 2.0) പറയുന്നു.

കേരളത്തിൽ ഏറ്റവും സൗകര്യപ്രദമായ കേന്ദ്രമായാണ്‌ ടയർ ത്രീ നഗരമായ കോഴിക്കോടിനെ കമ്പനികൾ വിലയിരുത്തുന്നത്‌. വിമാനത്താവളങ്ങൾ അടുത്തുണ്ടെന്നതാണ്‌ ഇതിൽ പ്രധാനം. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ രാത്രിജീവിതമുള്ള നഗരമാണ്‌. കോവിഡ്‌ വ്യാപനത്തിൽ ലോകമെങ്ങും ഐടി വ്യവസായം പ്രതിസന്ധിയിലായപ്പോൾ കോഴിക്കോട്‌ അവസരങ്ങൾ തുറക്കുകയായിരുന്നു. ടാറ്റ എലക്‌സി ഉൾപ്പെടയുള്ള വൻ കമ്പനികൾ ഊരാളുങ്കൽ സൈബർ പാർക്കിൽ പ്രവർത്തനം ആരംഭിച്ചു. വർക്ക്‌ ഫ്രം ഹോം നടപ്പാക്കിയതോടെ ബംഗളൂരു ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽനിന്ന്‌ കൂട്ടത്തോടെ മലയാളി പ്രൊഫഷണലുകൾ നാട്ടിലേക്ക്‌ മടങ്ങി. ഇവർക്ക്‌ കുടുംബത്തോടൊപ്പം താമസിച്ച്‌ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ്‌ ടാറ്റ എലക്‌സിയെ ഇവിടെ എത്തിച്ചത്‌. ഐ.ടി പ്രൊഫഷണലുകൾക്ക്‌ താമസ സൗകര്യമൊരുക്കുന്ന വൺ ആന്തം അപ്പാർട്ട്‌മെന്റ്‌ സമുച്ചയവും നിർണായകമായി.

150 കോടി രൂപ ചെലവഴിച്ച്‌ നിർമിച്ച പത്ത് നിലകളിൽ പ്രവർത്തിക്കുന്ന യു.എൽ സൈബർ പാർക്കിൽ 86 കമ്പനികളിലായി 2,200 പേർ ജോലി ചെയ്യുന്നു. സർക്കാർ സൈബർ പാർക്കിൽ 86 കമ്പനികളിലായി 2500 ഐ.ടി പ്രൊഫഷണലുകളുണ്ട്‌. ഇവ രണ്ടും നിറഞ്ഞതോടെ കാക്കഞ്ചേരി, രാമനാട്ടുകര ക്രിൻഫ്ര പാർക്കുകളെയാണ്‌ കമ്പനികൾ ആശ്രയിക്കുന്നത്‌. ഐ.ടി കമ്പനികളുടെ ഇഷ്ടകേന്ദ്രമായതോടെ 184 കോടിയുടെ പുതിയ കെട്ടിടത്തിന്‌ സർക്കാർ സൈബർ പാർക്കിൽ നടപടി തുടങ്ങി. യു.എൽ സൈബർപാർക്കും രണ്ടാംഘട്ട വികസന പദ്ധതികളിലാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!