അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ഇന്ന്; ചടങ്ങുകൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ

പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പിയുടെ രാഷ്ട്രീപരിപാടിയാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നിരയായ ഇൻഡ്യ മുന്നണി നേതാക്കൾ ഒന്നടങ്കം ബഹിഷ്‌കരിക്കുകയാണ്
അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ.ചടങ്ങ് ബി.ജെ.പിയുടെ രാഷ്ട്രീപരിപാടിയാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നിരയായ ഇൻഡ്യ മുന്നണി
നേതാക്കൾ ഒന്നടങ്കം ബഹിഷ്‌കരിക്കുകയാണ്. വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിന് ഒടുവിൽ അയോധ്യയിൽ ബാബരി മസ്ജിദ് നിലകൊണ്ട സ്ഥലത്ത് രാമക്ഷേത്രം ഉയരുകയാണ്. സുപ്രിംകോടതി വിധിയാണ് വിധിയാണ് തർക്കപ്രദേശത്ത് രാമക്ഷേത്രം നിർമിക്കാൻ അവസരമൊരുക്കിയത്.
ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖരുടെ നീണ്ട നിരയാണ് അയോധ്യയിലെത്തുക. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ദില്ലിയിലെ വിവിധ മേഖലകളിലായി വിന്യസിച്ചത്.
ഡ്രോൺ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്. സംഘർഷ സാധ്യതയുളള മേഖലകളിൽ ഫ്ലാഗ് മാർച്ചും നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിലും, മാർക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയതായി ദില്ലി പൊലീസ് അറിയിച്ചു.