2800 ചതുരശ്രയടി വലുപ്പം; ലെനിന്റെ കൂറ്റൻ ചിത്രം വരച്ച് അബ്ദുൾ റസാഖ്

ഇടുക്കി : വിപ്ലവ നക്ഷത്രം ലെനിന്റെ നൂറാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ചിത്രകാരനും ദേശാഭിമാനി പീരുമേട് ഏരിയ ലേഖകനുമായ കെ.എ. അബ്ദുൾ റസാഖ് ലെനിന്റെ കൂറ്റൻ ചിത്രം തീർത്തു. 2800 ചതുരശ്ര അടി വലിപ്പത്തിലുള്ള വലിയ ചിത്രമാണ് കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അബ്ദുൾ റസാഖ് തീർത്തത്. ഞായർ രാവിലെ 6.30നാണ് തുടങ്ങിയ വര വൈകിട്ട് ആറോടെ പൂർത്തീകരിച്ചു. പ്ലാസ്റ്റിക് ഷീറ്റ് ഉൾപ്പെടെ വിവിധ മെറ്റീരിയൽ ഉപയോഗിച്ച് ലെനിൻ കൈ ചുരുട്ടി നിൽക്കുന്ന ചിത്രമാണ് വരച്ചത്.
ലെനിന്റെ അമ്പതിലേറെ ചിത്രങ്ങൾ അബ്ദുൾ റസാഖ് വരച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ലെനിൻചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. ചിത്രകലയിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ റസാഖ് പന്ത്രണ്ടായിരത്തിലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.