വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസർക്ക് പൊതുജനം നോക്കിനിൽക്കെ എസ്.ഐയുടെ മർദ്ദനം

വയനാട്: ഇൻസ്‌പെക്‌ടർ സിവിൽ പൊലീസ് ഓഫീസറെ മർദ്ദിച്ചതായി പരാതി. വയനാട് വൈത്തിരിയിലാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ സിവിൽ പൊലീസ് ഓഫീസറെ ഇൻസ്‌പെക്‌ടർ തല്ലുകയായിരുന്നു.വൈത്തിരി സബ് ഇൻസ്‌പെക്‌ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ മർദ്ദിച്ചത്. വെള്ളിയാഴ്‌ച രാത്രി വൈത്തിരി കാനറാ ബാങ്കിന് സമീപത്തായിരുന്നു സംഭവം നടന്നത്.
ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനെ ഇൻസ്‌പെക്‌ടർ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.വൈത്തിരിയിൽ ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷിക്കാനെത്തിയതായിരുന്നു ഇൻസ്‌പെക്‌ടറും സിവിൽ പൊലീസ് ഓഫീസറും. കീഴുദ്യോഗസ്ഥൻ മഫ്‌തിയിലായിരുന്നു.
ഇതിനിടെ പ്രതിയെന്ന സംശയത്തിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. എന്നാൽ ഇയാൾ യഥാർത്ഥ പ്രതിയായിരുന്നില്ല. തുടർന്ന് അവിടെ വാക്കേറ്റമുണ്ടായി. ഈ സമയം മഫ്‌തിയിലായിരുന്ന കീഴുദ്യോഗസ്ഥൻ പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു ഇൻസ്‌പെക്‌ടറുടെ മർദ്ദനം.സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസർ ഇൻസ്‌പെക്‌ടർക്കെതിരെ പരാതി നൽകിയില്ലെന്നാണ് വിവരം. അതേസമയം, ഇൻസ്‌പെക്‌ടറുടെ പെരുമാറ്റം മോശമാണെന്ന് കാട്ടി സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.