വയത്തൂർ കാലിയാർ ഊട്ടുത്സവത്തിന് തിരക്കേറി: കുടകിൽ നിന്നുള്ള അരിയളവ് നാളെ

ഉളിക്കൽ : വയത്തൂർ കാലിയാർ ഊട്ടിന് കുടക് പുഗ്ഗേരമനയിൽ നിന്നുള്ള അരിയുമായി കാളകൾ ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തും. കാളകൾക്ക് ക്ഷേത്രനടയിൽ ആചാരപരമായ വരവേൽപ്പ് നൽകും.ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴിന് നൃത്തനൃത്യങ്ങൾ, പാട്ടരങ്ങ് എന്നിവ നടക്കും.
തിങ്കളാഴ്ച രാവിലെയാണ് അരിയളവ്. വൈകീട്ട് തായമ്പക, കുടകരുടെ പാട്ട്, വലിയ തിരുവത്താഴം അരിയളവ് എന്നിവയുണ്ടാകും. വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് മാജിക് ഷോ.
ക്ഷേത്രത്തിലെത്തുന്നവർക്ക് ഉച്ചയ്ക്കും രാത്രിയും ഭക്ഷണം നൽകുന്നുണ്ട്. മഹാമൃത്യുഞ്ജയ ഹോമം, രുദ്രാഭിഷേകം, നെയ്യമൃത് എന്നീ വഴിപാടുകൾക്ക് പേരുകേട്ട ക്ഷേത്രമാണിത്.