തുണിസഞ്ചി വെൻഡിങ് മെഷീനുമായി മട്ടന്നൂർ നഗരസഭ

Share our post

മട്ടന്നൂർ : മട്ടന്നൂർ നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഇനി സഞ്ചിയെടുത്തില്ലെങ്കിലും പ്ലാസ്റ്റിക് കവറുകളെ ആശ്രയിക്കേണ്ട. 20 രൂപ കൊടുത്താൽ എ.ടി.എമ്മിൽ നിന്ന് പണമെടുക്കുന്നതു പോലെ തുണിസഞ്ചി കിട്ടും. മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ ബസ്‌സ്റ്റാൻഡിലാണ് തുണിസഞ്ചി -ക്ലോത്ത് ബാഗ്- വെൻഡിങ് മെഷീൻ സ്ഥാപിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭയിൽ തുണിസഞ്ചി ലഭിക്കുന്ന മെഷീൻ സ്ഥാപിക്കുന്നത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.96 ലക്ഷം രൂപ ചെലവിലാണിത് സ്ഥാപിച്ചത്. 20 രൂപ നിക്ഷേപിച്ചാൽ തുണിസഞ്ചി ലഭിക്കും. നോട്ടായോ അഞ്ചുരൂപയുടെ നാണയങ്ങളായോ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് ഓൺലൈനായും പണം നൽകാം.

500 സഞ്ചികളാണ് ഒരു തവണ യൂണിറ്റിൽ നിറയ്ക്കാൻ സാധിക്കുക. ഇവ തീർന്നാൽ വീണ്ടും നിറയ്ക്കാനാകും. തൃശ്ശൂരിലെ സിപ്‌സ്‌ട്രൈഡ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡാണ് തുണിസഞ്ചി വെൻഡിങ് മെഷീൻ നിർമിച്ചത്.

കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ഒ. പ്രീത, സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.കെ. സുഗതൻ, കെ. മജീദ്, പി. ശ്രീനാഥ്, പി. അനിത, പി. പ്രസീന, സെക്രട്ടറി എസ്. വിനോദ് കുമാർ, കൗൺസിലർമാരായ പി. രാഘവൻ, പി.പി. അബ്ദുൾ ജലീൽ, ഹരിതകേരള മിഷൻ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. മട്ടന്നൂർ ബസ്‌സ്റ്റാൻഡിൽ സ്ഥാപിച്ച തുണിസഞ്ചി വെൻഡിങ് മെഷീൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!