രാമക്ഷേത്ര പ്രതിഷ്ഠ: വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് കേന്ദ്രസർക്കാർ.ചടങ്ങുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുളവാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
സാമൂഹ്യമാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കും. വിവിധ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരും തിങ്കളാഴ്ച രണ്ടര വരെ അവധി പ്രഖ്യാപിച്ചു.
പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷ നേതാക്കൾ തിങ്കളാഴ്ച വിവിധ സംസ്ഥാനങ്ങളിൽ ക്ഷേത്ര ദർശനം നടത്തും. രാഹുൽ ഗാന്ധി ആസമിലെ ആത്മീയ നേതാവ് ശ്രീ ശങ്കർദേവിന്റെ ജന്മസ്ഥാനം സന്ദർശിക്കും. ഉദ്ധവ് താക്കറെ നാസികിലെ കാലാറാം ക്ഷേതത്തിലും മമത ബാനർജി കോൽക്കത്തയിലെ കാളിഘട്ടിലും ദർശനം നടത്തും.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ രാജ്യത്തുടനീളം ആഘോഷത്തിന് തയാറെടുക്കുകയാണ് സംഘപരിവാർ സംഘടനകൾ. പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പ്രാർഥനയ്ക്കാണ് സംഘടനകൾ ഒരുങ്ങുന്നത്.
പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും മാത്രം കമാൻഡോകൾ ഉൾപ്പടെ അയ്യായിരം പേരെ നിയോഗിച്ചു. ഇന്നലെ അയോധ്യയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നു പേർക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.