കുടുംബശ്രീ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലേക്ക്

Share our post

കണ്ണൂർ: വിപണിയിലെ വിലകയറ്റവും പത്തുരൂപ സബ്‌സിഡി സർക്കാർ റദ്ദാക്കിയതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയിലേക്ക്.കൂത്തുപറമ്ബ്, ചൊക്ലി, തളിപ്പറമ്ബ് ഉദയഗിരി, പരിയാരം, മാട്ടൂല്‍, പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ വെള്ളൂർ, കോളയാട്, ഉളിക്കല്‍ എന്നിവിടങ്ങളില്‍ പ്രവർത്തിച്ച ജനകീയ ഹോട്ടലുകള്‍ക്കാണ് പൂട്ടു വീണത്.

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലാകെ 2020 മാർച്ചില്‍ ജനകീയ ഹോട്ടലുകള്‍ പ്രവർത്തനം തുടങ്ങിയത്. സബ്‌സിഡിയോടെ 20 രൂപയ്ക്ക് ഊണ് എന്ന പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് നാട് ഏറ്റെടുത്തത്. ഊണൊന്നിന് പത്തുരൂപ നിരക്കില്‍ നല്‍കിയ സബ്‌സിഡി കഴിഞ്ഞ ആഗസ്റ്റ് മുതല്‍ സർക്കാർ റദ്ദാക്കി.

ഊണിന് 10 രൂപ കൂട്ടാനും അനുമതി നല്‍കി. ഊണിന് 30 രൂപയായതോടെ ആളുകള്‍ കുറഞ്ഞെന്നാണ് ജില്ലയിലെ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാർ പറയുന്നത്. ദിവസം 700 ഊണുകള്‍ വരെ വിറ്റു പോയിടത്ത് 500 ആയി കുറഞ്ഞു. നാലും അഞ്ചും കുടുംബശ്രീ പ്രവർത്തകർ ചേർന്നാണ് പലയിടത്തും ഹോട്ടലുകള്‍ നടത്തുന്നത്. കച്ചവടം കുറഞ്ഞതോടെ ഇവരുടെ വരുമാനവും ഇടിഞ്ഞു.ഇതിനിടെ അരി, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവയുടെ വില വർദ്ധിച്ചതോടെ നടത്തിപ്പുകാർക്ക് പിടിച്ച്‌ നില്‍ക്കാൻ കഴിയാതെയായി. വരുമാനം തുച്ഛമാണെങ്കിലും കുടുംബശ്രീ സംരംഭകത്വ പദ്ധതി വഴി എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പലരും ഹോട്ടല്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.

തിരിച്ചടികള്‍ ഒന്നൊന്നായി

1.ഊണൊന്നിന് പത്തുരൂപ സബ് സിഡി നിർത്തി

2.പിടിച്ചുനില്‍ക്കാൻ പത്തുരൂപ ഊണിന് വർദ്ധിപ്പിച്ചു

3.വില്പനയില്‍ വൻ ഇടിവ് വന്നു

4.അരി,പലവ്യഞ്ജന വിലക്കയറ്റം ഇരുട്ടടിയായി

പിടിച്ച്‌ നില്‍ക്കണ്ടേ

കൊവിഡിന് ശേഷം വിലകുറവില്‍ ഊണും ബിരിയാണിയും വിളമ്ബുന്ന നിരവധി ഹോട്ടലുകളും ചെറിയ ഹട്ടുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ 40 രൂപയ്ക്ക് ഊണ്‍, 40 രൂപയ്ക്ക് കഞ്ഞിയും പൊരിച്ച മീൻ, 70 രൂപയ്ക്ക് ബിരിയാണി തുടങ്ങിയവ വില്‍ക്കുന്നുണ്ട്. ഇത് ഇത് ജനകീയ ഹോട്ടലുകള്‍ക്ക് വെല്ലുവിളിയായി.പ്രഭാത ഭക്ഷണം, ലഘുഭക്ഷണം എന്നിവ നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതും ജനകീയ ഹോട്ടലുകള്‍ക്ക് തിരിച്ചടിയായി.

കണ്ണൂരില്‍ എട്ട് ഹോട്ടലുകള്‍ പൂട്ടി

കണ്ണൂർ ജില്ലയില്‍ 92 ജനകീയ ഹോട്ടലുകളുകളായിരുന്നു ഉണ്ടായിരുന്നത്.ഇവയില്‍ എട്ടെണ്ണം പൂട്ടി. നിലവില്‍ 84 ഹോട്ടലുകള്‍ മാത്രമാണ് പ്രവർത്തിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!