ജലസ്രോതസ്സുകളുടെ ‘ഡിജിറ്റൽ മാപ്പ്’ അവതരണം

കേളകം: ജില്ലയിലെ പശ്ചിമഘട്ടത്തോട് ചേർന്നുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ജലസ്രോതസ്സുകളെ ഡിജിറ്റൽ രൂപത്തിൽ അടയാളപെടുത്തിയ ‘മാപ്പത്തോൺ’ പദ്ധതിയിലൂടെ ലഭിച്ച മാപ്പുകളുടെ അവതരണ ശില്പശാല നടത്തി.
കേളകം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ടോമി പുളിക്കക്കണ്ടം അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ നിഷാദ് മണത്തണ ഡിജിറ്റൽ മാപ്പുകളുടെ അവതരണം നടത്തി.
ഒമ്പത് നീർത്തടങ്ങളിലായി ഒ.എസ്.എം മൊബൈൽ ട്രാക്കർ ഉപയോഗിച്ച് ജല സ്രോതസ്സുകളിലൂടെ സഞ്ചരിച്ചാണ് അതിരുകൾ കണ്ടെത്തിയത്. തുടർന്ന് ഉപഗ്രഹ ചിത്രങ്ങളുടെയും ക്യു.ജി.ഐ.എസ് സോഫ്റ്റ് വെയറിന്റെയും സഹായത്തോടെ നീർച്ചാലുകളും താഴ്‌വാരകളും അടയാളപ്പെടുത്തി ഡിജിറ്റൽ രൂപം പൂർത്തിയാക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് പശ്ചിമഘട്ടത്തിലെ നീർച്ചാലുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ എളുപ്പമാക്കാനും കയ്യേറ്റങ്ങൾ ഉൾപ്പെടെ തടയാനും ഇതിലൂടെ സാധ്യമാവും.
പഞ്ചായത്ത് സെക്രട്ടറി പി.കെ. ശശീന്ദ്രൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി, അസി.സെക്രട്ടറി സന്തോഷ് തടത്തിൽ തുടങ്ങിയവർ സംസാരിച്ചു. നവകേരളം കർമപദ്ധതിക്ക് കീഴിൽ റീബിൽഡ് കേരളയുടെയും ഐ.ടി മിഷന്റെയും സഹായത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ മാപ്പ് തയ്യാറാക്കിയത്.