‘ദി ട്രാവലർ” കരുത്തോടെ മുന്നോട്ട്: കുടുംബശ്രീ ട്രാവൽസ് ലക്ഷദ്വീപിലേക്ക്

കണ്ണൂർ:സഞ്ചാരപ്രിയരായ സ്ത്രീകളെ അവർക്കിഷ്ടപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ ഏപ്രിലിൽ തുടക്കമിട്ട കുടുംബശ്രീ സംരംഭമായ ‘ദി ട്രാവലർ’ വനിതാ ടൂർ എന്റർപ്രൈസസ് ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തുടനീളം സഞ്ചാരികളുമായി തിരിക്കുന്ന ഇവരുടെ അടുത്ത യാത്ര ലക്ഷദ്വീപിലേക്കാണ്.
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് യാത്രാപാക്കേജുകളുമായി രംഗത്തിറങ്ങിയത്. പുതുതായുള്ള ലക്ഷദ്വീപ് ടിപ്പിലേക്ക് 25 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിരവധി പേർ താൽപ്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ടെങ്കിലും നിശ്ചിത എണ്ണത്തിൽ കൂടുതൽ പേരെ ലക്ഷദ്വീപിലേക്ക് കൊണ്ടു പോകാൻ സാധിക്കാത്തതിനാലാണ് 25 പേരിൽ ഒതുക്കിയതെന്ന് ട്രാവൽസ് സെക്രട്ടറി പി.ഷജിന പറഞ്ഞു.
ലയ കെ.പ്രേം(പ്രസിഡന്റ്),കെ.വി. മഹിജ,രാഗിത,സുഷമ,ആരതി,സിനിഷ എന്നീ ഏഴ് പേർ ചേർന്നാണ് സംരംഭം മുന്നോട്ട് നയിക്കുന്നത്. ഓരോ യാത്രയിലും 49, 25 പേർ വീതമുള്ള സംഘങ്ങളെയാണ് ഇവർ വിവിധ സ്ഥലങ്ങൾ ചുറ്റിക്കാണിക്കുന്നത്. യാത്രയിൽ ദൂരമോ ഗതാഗത സംവിധാനമോ ഒന്നും ഇവർക്ക് ഒരു പ്രശ്നമല്ല.കഴിഞ്ഞ മാസം ഒരു സംഘത്തെ കണ്ണൂരിൽ നിന്നും തിരുവന്തപുരത്തേക്ക് ഫ്ലൈറ്റിലാണ് കൊണ്ടു പോയത്.ഇത്തരത്തിൽ ട്രെയിൻ,ബസ്,ട്രാവലർ തുടങ്ങി ഏത് സംവിധാനവും യാത്രയ്ക്കായി തിരഞ്ഞെടുക്കാം.
കുടുംബശ്രീ ക്ലാസിൽ നിന്ന് തുടക്കം
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ സംഘടിച്ച ടൂർ ഓപ്പറേറ്റിംഗ് ക്ലാസിൽ നിന്നാണ് കുടുംബശ്രീ ട്രാവൽസിന് തുടക്കം കുറിക്കുന്നത്.കുടുംബശ്രീയിലും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിലെയും അംഗങ്ങളാണ് പങ്കെടുത്തത്.ഈ ക്ലാസിൽ നിന്നും താൽപ്പര്യം പ്രകടിപ്പിച്ച ആളുകൾക്ക് തലശ്ശേരി കിറ്റ്സിൽ ടൂർ ആൻഡ് ട്രാവൽ മാനേജ്മെന്റിൽ പരിശീലനം നൽകുകയും പിന്നീട് അതിൽ നിന്നും ഏഴ് പേർ ചേർന്ന് സംരംഭം ആരംഭിക്കുകയുമായിരുന്നു.ഇന്ന് ഇന്ത്യയിലെവിടെയും ടൂർ സംഘടിപ്പിക്കാൻ ഇവർ തയ്യാറാണ്.
ആദ്യയാത്ര കുടകിലേക്ക്
കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് കൂർഗിലേക്ക് 29 പേരുമായാണ് ആദ്യ യാത്ര. കഴിഞ്ഞ മാസം മാത്രം നാല് യാത്രകളാണ് ഇവർ സംഘടിപ്പിച്ചത്.ഒപ്പം രണ്ട് സ്കൂൾ യാത്രയും ഇവരുടെ നേതൃത്വത്തിൽ നടന്നു.കഴിഞ്ഞ ഓണം വെക്കേഷനിൽ ഗോവയിലേക്കായിരുന്നു ട്രിപ്പ് .ഫാമിലി ട്രിപ്പ്,ലേഡീസ് ട്രിപ്പ്,സ്കൂൾ ട്രിപ്പുകൾ എന്നിവയ്ക്കെല്ലാെം പാക്കേജുകൾ ലഭ്യമാണ്.വാഹനം,ഭക്ഷണം,താമസം,എസ്കോർട്ടിംഗ്,എല്ലാം ഇവർ ഏറ്റെടുക്കും.ധർമ്മശാലയുടെ ഡി.ടി.പി.സിയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.