ലോഡ്ജ് പീഡനം കെട്ടുകഥ; വ്യാജ പരാതിക്കാരൻ അറസ്റ്റിൽ

മാഹി: മാഹിയിലെ ലോഡ്ജ് ജീവനക്കാരനെതിരെ പൊലീസിൽ നൽകിയ പരാതി കെട്ടുകഥ. വ്യാജ പീഡന പരാതി നൽകി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 63കാരിക്കൊപ്പം മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ ലോഡ്ജിൽ മുറിയെടുത്ത കാഞ്ഞങ്ങാട് കാരക്കോട് വട്ടപ്പള്ളി വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ എന്ന പട്ടരു മനുവാണ് (61) പിടിയിലായത്. മാഹി ഇൻസ്പെക്ടർ ആർ. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ പീഡനപരാതി തെളിഞ്ഞത്.
കൈനോട്ടക്കാരനായി ജോലി ചെയ്താണ് പ്രതി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. സൂര്യനാരായണൻ, മനു ബാബു, വിഷ്ണു, ജയപ്രകാശ്, മനോജ് പല്ലം തുടങ്ങിയ പേരുകളിലാണ് ഇയാൾ പരിചയപ്പെടുത്തുക. മാഹിയിലെ ലോഡ്ജിൽ ശിവശങ്കരൻ എന്ന പേരിൽ മുറിയെടുത്ത് മൂന്നു ദിവസം താമസിച്ചു. ഭാര്യയെന്ന് പറഞ്ഞ് കൂടെ വന്ന സ്ത്രീയെ ലോഡ്ജ് ജീവനക്കാരൻ പീഡിപ്പിച്ചതായി ആരോപിച്ച് മാഹി പൊലീസിലാണ് പരാതി നൽകിയത്. പരാതിയിൽ ലോഡ്ജ് ജീവനക്കാരനായ പാലക്കാട് ആലത്തൂർ സ്വദേശിയായ 45കാരനെതിരെ കേസെടുക്കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിലാണ് എല്ലാം കെട്ടുകഥയെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ സ്ത്രീയുടെ ആരുമല്ലെന്നും യഥാർഥ ഭർത്താവിനെ കഴിഞ്ഞ കുറച്ചുകാലമായി കാണാനില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ സ്ത്രീയെ മറയാക്കി ഇയാൾ പണം തട്ടിയ പരാതികളുമുണ്ട്. ചില കേസുകളിൽ ഇയാൾ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ലോഡ്ജിലെ സി.സി.ടി.വിയും വിരലടയാളവും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
മാഹി എസ്.ഐ സി.വി. റെനിൽ കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ കിഷോർ കുമാർ, എച്ച്.സി. ശ്രീജേഷ്, കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ, എ.എസ്.ഐ സുനിൽ കുമാർ, പി. ബീന, ഹെഡ് കോൺസ്റ്റബിൾ വിനീഷ് കുമാർ, കെ. പ്രവീൺ, അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായത്. പ്രതിയെ മാഹി കോടതി റിമാൻഡ് ചെയ്തു.