മഹാരാജാസിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു

കൊച്ചി : മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. മഹാരാജാസ് കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസിറിനെയാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധൻ അർധരാത്രിയായിരുന്നു സംഭവം. എം.ജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി അബ്ദുൾ നാസിറും എസ്.എഫ്.ഐ പ്രവർത്തകരും ക്യാംപസിലുണ്ടായിരുന്നു.
ഇതിനിടെയാണ് ക്യാംപസിലെ ഫ്രറ്റേണിറ്റി നേതാവായ ബിലാൽ, കെ.എസ്.യു നേതാവ് അമൽ ടോമി എന്നിവരുടെ നേതൃത്വത്തിൽ അക്രമിസംഘം ക്യാംപസിലെത്തുകയും ആക്രമിക്കുകയും ചെയ്തത്. കത്തി, ബിയർ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ അബ്ദുൾ നാസിറിന്റെ വയറിനും കെെകാലുകൾക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റിയംഗം അശ്വതിക്കും പരിക്കേറ്റു. പരിക്കേറ്റവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.