മട്ടന്നൂര്‍ – മാനന്തവാടി വിമാനത്താവള റോഡ് : ആശങ്കയുടെ നാലുവരി പാത

Share our post

കേളകം: നിര്‍ദിഷ്ട മട്ടന്നൂര്‍ – മാനന്തവാടി നാലുവരി വിമാനത്താവള റോഡ് നിര്‍മാണത്തില്‍ ആശങ്കപ്പെട്ട് പ്രദേശവാസികള്‍. മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ആറ് റോഡുകളില്‍ ഒന്നാണ് മട്ടന്നൂര്‍-മാനന്തവാടി എയര്‍പോര്‍ട്ട് റോഡ്. 2017ല്‍ നടപടികള്‍ ആരംഭിച്ച റോഡിന്‍റെ പ്രവര്‍ത്തികള്‍ 2024ല്‍ പോലും എങ്ങും എത്തിയിട്ടില്ല എന്നുള്ളതാണ് പ്രദേശവാസികളില്‍ ആശങ്ക ഉളവാക്കുന്നത്.

2025ല്‍ നിര്‍മാണം പൂര്‍ത്തിയാക്കും എന്ന പ്രഖ്യാപനവുമായാണ് 2017ല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ നാളിതുവരെയായി 100 ശതമാനംഅലൈൻമെന്‍റ് പോലും പൂര്‍ത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് കടന്നുപോകുന്ന പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ ഭാഗത്തേയും മണത്തണ അമ്ബലത്തിന്‍റെ ഭാഗത്തേയും അലൈൻമെന്‍റില്‍ വ്യക്തത വരുത്താൻ കേരള റോഡ് ഫണ്ട് ബോര്‍ഡിന് ആയിട്ടില്ല.

ചിലയിടങ്ങളിലെങ്കിലും പ്രദേശവാസികളും കേരള റോഡ് ഫണ്ട് ബോര്‍ഡും തമ്മില്‍ തര്‍ക്കങ്ങളും നിലനില്ക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന വാക്കാലുള്ള ഉറപ്പു മാത്രമാണ് ഇതുവരെയും പ്രദേശവാസികള്‍ക്ക് ലഭിച്ചിട്ടുള്ളത്.63.5 കിലോമീറ്റര്‍ നീളമുള്ള അമ്ബായത്തോട് മുതല്‍ മട്ടന്നൂര്‍ വരെയുള്ള ഈ പാതയില്‍ കേളകം, പേരാവൂര്‍, തൃക്കടാരിപ്പൊയില്‍, മാലൂര്‍, ശിവപുരം എന്നിങ്ങനെ അഞ്ചിടങ്ങളില്‍ സമാന്തരപാതകളാണ് നിര്‍മിക്കുന്നത്.

1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 926 കോടി രൂപ നഷ്ടപരിഹാരം നല്‍കാനായി മാറ്റിവച്ചതാണ്. 864 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. റോഡിനായി ഭൂമി, കെട്ടിടം, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ വിട്ടു നല്കുമ്ബോള്‍ ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ കൃത്യത ഇല്ലായ്മയാണ് പ്രധാന ആശങ്ക.

മറ്റൊന്ന് ലഭിക്കുന്ന തുകയ്ക്ക് ആനുപാതികമായി മറ്റൊരിടത്തേക്ക് തങ്ങള്‍ക്ക് പുനരധിവസിക്കാൻ കഴിയുമോ എന്നതുമാണ്. 2013 ലെ ലാൻഡ് അക്കിസിഷൻ ആക്‌ട് പ്രകാരമുള്ള നഷ്ടപരിഹാരത്തുക മാത്രമേ ലഭിക്കുകയുള്ളോ അതോ ദേശീയപാത വികസനം പോലെ പ്രത്യേക പുനരധിവാസ പാക്കേജ് ഈ റോഡിനും ലഭിക്കുമോ? എന്നിങ്ങനേയും ആളുകള്‍ ആശങ്കപ്പെടുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!