കണ്ണൂർ സെൻ്റ് തെരേസാസിന്റെ ബാൻഡ് മേളം ഡൽഹിയിലേക്ക്

കണ്ണൂർ: കണ്ണൂർ സെൻ്റ് തെരേസാസ് ബാൻഡ് സംഘത്തിലെ ചുണക്കുട്ടികൾ ഡൽഹിയിലും മത്സരിക്കും. ചുറുചുറുക്കും അച്ചടക്കവും മിടുക്കുമാണ് കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ബാൻഡ് സംഘത്തെ നൂറോളം സ്കൂളുകൾ പങ്കെടുത്ത ദക്ഷിണേന്ത്യൻ മത്സരത്തിൽ ഒന്നാമതെത്തിച്ചത്. ജനുവരി 21, 22 തീയ്യതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ ഇവർ ആരംഭിച്ചു കഴിഞ്ഞു.
‘ദേശസ്നേഹം’ വിഷയമാക്കി പ്രതിരോധവകുപ്പുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയമാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ദേശീയ സ്കൂൾ ബാൻഡ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാതല മത്സരത്തിലും ദക്ഷിണേന്ത്യൻ മത്സരത്തിലും ഒന്നാമതെത്തിയാണ് തെരേസാസിന്റെ 31 അംഗ സംഘം ഡൽഹിയിലെത്തുന്നത്. ഛത്തിസ്ഗഢ്, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, പുതുച്ചേരി, കർണാടക, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ, സൈനിക് സ്കൂളുകളെ പിന്തള്ളിയാണ് തെരേസാസിന്റെ നേട്ടം.
പെൺകുട്ടികളുടെ ബ്രാസ് ബാൻഡ് വിഭാഗത്തിലാണ് പ്ലസ് വൺ വിദ്യാർഥിനി അന്ന മരിയ ജോഷി നയിക്കുന്ന സംഘം മത്സരിക്കുക.“ഇവർക്ക് അവധിദിവസങ്ങൾ ഇല്ല, ആ ദിവസങ്ങളും ബാൻഡ് പരിശീലനത്തിനാണ് മാറ്റിവെക്കുന്നത്, ബാൻഡിനെ പരിശീലിപ്പിക്കുന്ന സമന്ത പറയുന്നു. രാവിലെ ഏഴിന് കണ്ണൂർ പയ്യാമ്പലത്ത് ആരംഭിക്കുന്ന ബാൻഡ് പരിശീലനം 9.30വരെയുണ്ട്.
വൈകീട്ട് നാലിന് തുടങ്ങി 5.30വരെയും പരിശീലനമാണ്. സിസ്റ്റർ ജീവ, കെ. അനില, പി. അമേയ എന്നീ ടീച്ചർമാരും പരിശീലനത്തിൽ പങ്കെടുക്കാറുണ്ട്. പ്രധാനധ്യാപിക സിസ്റ്റർ റോഷ്നി മാനുവലിന്റെയും പ്രിൻസിപ്പൽ സിസ്റ്റർ വിനയ റോസിന്റെയും എല്ലാ പിന്തുണയും പരിശീലകർക്കും കുട്ടികൾക്കുമുണ്ട്. പൂർവവിദ്യാർഥികളും സഹായവുമായി ഒപ്പമുണ്ട്.