കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ നിന്ന് തടവുചാടിയ പ്രതിക്ക് വ്യാജ പാസ്‌പോർട്ടും? വിമാനത്താവളങ്ങളിൽ നോട്ടീസ്

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതി ടി.സി. ഹര്‍ഷാദിനെ പിടിക്കാന്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം അസി. കമ്മിഷണര്‍ ടി.കെ. രത്‌നകുമാറിന്റെയും ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്റെയും നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപവത്കരിച്ചത്. ഇവര്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്.
മയക്കുമരുന്ന് സംഘത്തെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഹര്‍ഷാദിന്റെ കൂട്ടുസംഘത്തിന്റെ താവളങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുകളെയും പോലീസ് ചോദ്യംചെയ്തിരുന്നു.
വ്യാജ പാസ്‌പോര്‍ട്ടും?
ഹര്‍ഷാദ് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചിരുന്നതായി സുഹൃത്തും മുന്‍ കൂട്ടുപ്രതിയുമായ യുവാവ് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഇയാള്‍ വിദേശത്ത് കടക്കാന്‍ മുന്‍പും ശ്രമം നടത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ജയിലില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ജീവനക്കാരുടെ കുറവാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായി പറയുന്നത്. ഇക്കാര്യം ജയില്‍ ഡി.ഐ.ജി.യുടെ ശ്രദ്ധയില്‍പ്പെടുത്തും. എന്നാല്‍ പ്രത്യേക യോഗമല്ലെന്നും എല്ലാ മാസവും ചേരുന്ന യോഗം മാത്രമാണിതെന്നും അധികൃതര്‍ പറയുന്നു.