മുസ്ലിം വ്യക്തിനിയമ വിവാഹ മോചനം രേഖപ്പെടുത്തൽ: നിയമനിർമാണം ഉചിതമെന്ന് കോടതി
തലശേരി : മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിയമത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ നിയമനിർമാണ സഭയാണ് ഉചിതമായ നടപടി സ്വീകരിക്കേണ്ടതെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുസരിച്ച് നടന്ന വിവാഹം രേഖപ്പെടുത്താൻ വ്യവസ്ഥയുണ്ടെങ്കിലും വിവാഹമോചനം രേഖപ്പെടുത്താൻ കോടതി ഉത്തരവിലൂടെയേ സാധ്യമാകൂവെന്നത് വിലയിരുത്തിയാണ് കോടതിയുടെ നിർദേശം.
തലശേരി സ്വദേശിനിയായിരുന്നു ഹർജിക്കാരി. 2012ൽ വ്യക്തിനിയമപ്രകാരമുള്ള വിവാഹത്തിനുശേഷം ഹർജിക്കാരിയും ഭർത്താവും വടകര നഗരസഭയിൽ 2008ലെ കേരള രജിസ്ട്രേഷൻ ഓഫ് മാരിയേജസ് (കോമൺ) റൂൾസ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു. 2014ൽ ത്വലാക്ക് ചൊല്ലി ബന്ധം വേർപ്പെടുത്തിയതോടെ തലശേരി മഹൽ ഖാസി വിവാഹമോചന സർട്ടിഫിക്കറ്റും നൽകി. വിവാഹമോചനം രേഖപ്പെടുത്താൻ നഗരസഭയുടെ രജിസ്ട്രേഷൻ വിഭാഗത്തെ സമീപിച്ചപ്പോൾ, വ്യക്തിനിയമപ്രകാരം വിവാഹിതരായതിനാൽ വിവാഹമോചനം രേഖപ്പെടുത്താൻ അധികാരമില്ലെന്നും കോടതി ഉത്തരവുണ്ടെങ്കിലേ സാധ്യമാകൂവെന്നുമായിരുന്നു മറുപടി. തുടർന്നാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹമോചനം രേഖപ്പെടുത്താൻ പ്രത്യേക ചട്ടമില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം, ചട്ടമില്ലെങ്കിലും വിവാഹമെന്നപോലെ വിവാഹമോചനവും രേഖപ്പെടുത്താമെന്നത് നിയമത്തിൽ അന്തർലീനമാണെന്നും നിരീക്ഷിച്ചു. ഇതിന് അനുകൂലമായ ഉത്തരവ് വാങ്ങാൻ സ്ത്രീയെ കോടതിയിലേക്ക് അയക്കേണ്ട ആവശ്യമില്ലെന്നും വിവാഹമോചനം ഉദ്യോഗസ്ഥന് രജിസ്റ്ററിൽ രേഖപ്പെടുത്താമെന്നും വിലയിരുത്തി. അതേസമയം, ഇതുമായി ബന്ധപ്പെട്ട് നിയമത്തിലുള്ള വിടവ് പരിഹരിക്കാൻ നിയമനിർമാണ സഭയാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും വിലയിരുത്തി. നടപടിക്കായി ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും നിർദേശിച്ചു