സ്റ്റാര്‍ട്ടപ്‌ റാങ്കിങ്ങിലും കേരളം നമ്പർ വൺ

Share our post

തിരുവനന്തപുരം : കേന്ദ്ര വാണിജ്യമന്ത്രാലയവും സ്റ്റാർട്ടപ്‌ ഇന്ത്യയും ചേർന്ന്‌ ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്‌ റാങ്കിങ്ങിൽ ബെസ്റ്റ് പെർഫോർമർ പുരസ്‌കാരം കേരളത്തിന്. കഴിഞ്ഞ മൂന്നു തവണയും ടോപ് പെർഫോമർ പുരസ്‌കാരം നേടിയ കേരളം ആദ്യമായാണ് ദേശീയ സ്റ്റാർട്ടപ്‌ രംഗത്തെ പരമോന്നത ബഹുമതിക്ക്‌ അർഹമാകുന്നത്‌. ന്യൂഡൽഹിയിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

സ്റ്റാർട്ടപ്പുകൾ, വിദ്യാർഥികൾ, വനിതാ സംരംഭകർ എന്നിവർക്ക് നൽകുന്ന പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാൻ അവസരമൊരുക്കുന്ന ഇഗ്നൈറ്റ് കലിക്കറ്റ് പോലുള്ള പരിപാടികൾ, ഗ്രാമീണ മേഖലകളിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനം എന്നിവയാണ് കേരളത്തെ നേട്ടത്തിലേക്ക്‌ എത്തിച്ചത്. ചടുലമായ സ്റ്റാർട്ടപ്‌ ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള പ്രതിബദ്ധമായ നടപടികളും നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഇൻകുബേഷൻ സംവിധാനങ്ങളും മികച്ച സ്റ്റാർട്ടപ്‌ നിക്ഷേപങ്ങളുമാണ് അംഗീകാരത്തിലേക്ക് നയിച്ചതെന്ന് കേരള സ്റ്റാർട്ടപ്‌ മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.  

2022ൽ കേന്ദ്രം നിർദേശിച്ച ഏഴു പരിഷ്‌കരണ മേഖലകളിലും കേരളം ഒന്നാമതെത്തിയിരുന്നു. സ്റ്റാർട്ടപ്‌ വികസനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച പ്രോത്സാഹജനകമായ സമീപനത്തിന്റെ പ്രതിഫലനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകളാണ് കെ.എസ്‌.യു.എമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നൂറിലധികം സ്റ്റാർട്ടപ്പുകൾ വനിതാ സംരംഭകരുടേതാണ്. 14 ജില്ലകളിലുമായി അമ്പതിലധികം ഇൻകുബേറ്ററുകൾ സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്നുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!