കെ-സ്മാർട്ട് പൂർണസജ്ജം: രജിസ്റ്റർ ചെയ്തത് ഒരു ലക്ഷം പേർ; 23,627 പേർ നികുതിയൊടുക്കി

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈനിലാക്കുന്ന കെ-സ്മാർട്ട് ആപ്ലിക്കേഷൻ എല്ലാ കോർപറേഷനുകളിലും നഗരസഭകളിലും പൂർണസജ്ജമായി. രണ്ടാഴ്ചയ്ക്കിടെ 23,627 പേർ നികുതിയടക്കമുള്ള വിവിധ ഫീസ് കെ-സ്മാർട്ട് വഴി അടച്ചു. നഗരസഭകളിലെ ഓൺലൈൻ കിയോസ്ക് വഴി 9.06 കോടിയും ആപ് വഴി 45.86 ലക്ഷം രൂപയുമാണ് ഈ ഇനത്തിൽ ലഭിച്ചത്.
ഇതിൽ 2.47 കോടി രൂപ വസ്തു നികുതിയിനത്തിലാണ്. ഇതുവരെ 11,642 പേർ കെട്ടിടങ്ങളുടെ നികുതി ഇതുവഴി അടച്ചിട്ടുണ്ട്. 22,764 പേർ വിവാഹ, ജനന, മരണ സർട്ടിഫിക്കറ്റടക്കമുള്ളവയ്‌ക്കായി അപേക്ഷയും നൽകി. ഇതിൽ ഭൂരിഭാഗവും 24 മണിക്കൂറിനുള്ളിൽ നൽകി. തിങ്കൾ വൈകിട്ട് അഞ്ചുവരെ 1,00,616 പേർ കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്തു. 50,000 പേർ ആപ് ഡൗൺലോഡ് ചെയ്തു.