ദുബായിൽ സ്വപ്ന ജോലി: എമിറേറ്റ്സിൽ 5000 ഒഴിവുകൾ; ചെയ്യേണ്ടത് ഇത്രമാത്രം

Share our post

എയർലൈൻ ജോലികൾ ഇഷ്ടപ്പെടുന്ന ധാരാളം പേർ ഇന്നത്തെ തലമുറയിലുണ്ട്. ഗ്ളാമറസ് ജോലിയായി കണക്കാക്കപ്പെടുന്ന എയർലൈൻ മേഖലയിൽ പണ്ടെത്തെക്കാൾ ധാരാളം പേർ എത്തിച്ചേരുന്നുണ്ട്. വിമാനത്തിനുള്ളിലെയും വിമാനത്താവളത്തിലെയും ജോലികൾ ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരം ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയർലൈനായ എമിറേറ്റ്‌സിലാണ് തൊഴിലവസരങ്ങൾ ഒരുങ്ങുന്നത്.

ആഗോളതലത്തിൽ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങുകയാണ് എമിറേറ്റ്‌സ്. എ-350 എന്ന പേരിൽ പുതിയ വിമാനങ്ങൾ എത്തിയതോടെ 5000 പേരെ ക്യാബിൻ ക്രൂവായി നിയമിക്കാനാണ് എമിറേറ്റ്‌സിന്റെ നീക്കം. എയർലൈൻ മേഖലയിൽ പുതിയതായി ജോലിക്കെത്തുന്നവരെയാണ് കമ്പനി കൂടുതലായും ലക്ഷ്യമിടുന്നത്. ബിരുദം പൂ‌ർത്തിയാക്കി ഇന്റേൺഷിപ്പുകളും പാർട്ട് ടൈം ജോലികളും ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഹോസ്‌പിറ്റാലിറ്റി, കസ്റ്റമർ സർവീസ് മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. എമിറേറ്റ്‌സ് ഗ്രൂപ്പ് കരിയേഴ്‌സ് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിദഗ്ദ്ധർ എട്ട് ആഴ്‌ച പരിശീലനം നൽകും.

ദുബായിലായിരിക്കും പരിശീലനം നടക്കുക. നിലവിൽ 1180 പേർ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു. 76 രാജ്യങ്ങളിലെ 140 നഗരങ്ങളിൽ ചെലവിടാനുള്ള അവസരമാണ് ക്യാബിൻ ക്രൂ ജോലി നൽകുന്നത്. ഈ വർഷം തന്നെ ആറ് ഭൂഖണ്ഡങ്ങളിലായി 460ലധികം നഗരങ്ങളിൽ റിക്രൂട്ട്‌മെന്റ് റാലികളും മറ്റ് പരിപാടികളും നടത്താനാണ് എമിറേറ്റ്‌സ് പദ്ധതിയിടുന്നത്. നികുതിയില്ലാത്ത ആകർഷകമായ ശമ്പളമായിരിക്കും ക്യാബിൻ ക്രൂവായി നിയമിക്കപ്പെടുന്നവർക്ക് ലഭിക്കുക.

വിമാനച്ചെലവ്, താമസച്ചെലവ്, മറ്റ് യാത്രാ ചെലവുകൾ, കാർഗോ നിരക്കുകൾ എന്നിവ കമ്പനി വഹിക്കും. ജോലിക്കായി വരുമ്പോഴും പോകുമ്പോഴുമുള്ള എല്ലാ യാത്രാച്ചെലവുകളും എമിറേറ്റ്‌സ് വഹിക്കും. മെഡിക്കൽ, ഡെന്റൽ, ലൈഫ് ഇൻഷുറൻസ് കവറേജുകൾ ലഭിക്കും. കൂടാതെ ക്യാബിൻ ക്രൂവിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും കുറഞ്ഞ നിരക്കിൽ വിമാനയാത്രയ്ക്കുള്ള അവസരവും ഉണ്ടാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!