ബദാം ധാരാളം കഴിക്കാറുണ്ടോ? അമിതമായാല്‍ അതും കുഴപ്പം

Share our post

മനോഹരമായ ചര്‍മത്തിനും ഇടതൂര്‍ന്ന മുടിക്കും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം വളരെ നല്ലതാണ് ബദാം. പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ കലവറയായ ബദാം ദിവസേന കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യുത്തമമാണ്. രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തതിന് ശേഷം അതിരാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ഔൺസ് ബദാമിൽ 3.5 ഗ്രാം ഫൈബറും 6 ഗ്രാം പ്രോട്ടീനും 9 ഗ്രാം മോണോസാച്ചുറേറ്റഡ് കൊഴുപ്പുമുണ്ട്. കൂടാതെ, വൈറ്റമിൻ ഇ, മാംഗനീസ്, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

എന്നാല്‍ ഈ ഗുണങ്ങള്‍ എല്ലാമുണ്ടെന്നു കരുതി ഒറ്റയടിക്ക് ഒരുപാടു കഴിക്കാം എന്നു കരുതരുത്. അമിതമായി കഴിച്ചാല്‍ ബദാമും കുഴപ്പമാണ്.

പോഷകാഹാര അസന്തുലിതാവസ്ഥ
ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ആരോഗ്യകരമാണെങ്കിലും, അമിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിലെ പോഷകങ്ങളുടെ അളവ് അസന്തുലിതമാക്കും. കൂടാതെ, വളരെയധികം നാരുകൾ ഉള്ളതിനാൽ കാൽസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് പോലുള്ള ധാതുക്കളുടെ ആഗിരണം തടസ്സപ്പെടുത്താം. ദിവസവും 4-5 ബദാം കഴിക്കുന്നത് നല്ലതാണ്.

വൈറ്റമിൻ ഇ അമിതമാകും
മുതിർന്നവർക്ക് പ്രതിദിനം 1,000 മില്ലിഗ്രാം ആണ് വൈറ്റമിൻ ഇയുടെ ഉയർന്ന ഇൻടേക്ക് ലെവൽ (UL). ബദാമിൽ വൈറ്റമിൻ ഇ കൂടുതലാണ്, വൈറ്റമിൻ ഇ അമിതമായി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് തടസ്സപ്പെടുത്തുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും. എന്നിരുന്നാലും, വൈറ്റമിൻ ഇ സപ്ലിമെന്റുകൾ കൂടുതലായി ഉപയോഗിക്കുന്നവരിലാണ് ഈ പാർശ്വഫലങ്ങൾ കൂടുതലായി കാണപ്പെടുന്നത്.

വയറ്റിലെ അസ്വസ്ഥത
ധാരാളം ബദാം കഴിക്കുന്നത് വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകും. ബദാം ദഹിക്കാൻ ബുദ്ധിമുട്ടാണ്. ബദാമില്‍ ഉയർന്ന ഓക്‌സലേറ്റ് ഉള്ളതിനാല്‍ വൃക്കയില്‍ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബദാം അലർജിയുള്ള വ്യക്തികളിൽ അത് അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും, ബദാമിൽ അടങ്ങിയിരിക്കുന്ന അമാഡിൻ, അലർജിക്ക് കാരണമാകുന്ന ഒരു പ്രോട്ടീനാണ്. ബദാം ചിലരിൽ ഓറൽ അലർജി സിൻഡ്രോം ഉണ്ടാക്കിയേക്കാം. വായിൽ ചൊറിച്ചിൽ, തൊണ്ടയിൽ പൊട്ടൽ, നാവ്, വായ, ചുണ്ടുകൾ എന്നിവയുടെ വീക്കം എന്നിവയാണ് ലക്ഷണങ്ങൾ. അനാഫൈലക്സിസ് എന്ന കടുത്ത അലർജി പ്രതിപ്രവർത്തനത്തിനും ഉയര്‍ന്ന അളവില്‍ ബദാം കഴിക്കുന്നത് കാരണമാകും

ഹൃദയപ്രശ്നങ്ങൾ ഉണ്ടാക്കാം
ബദാം പൊതുവെ ഹൃദയത്തിന് നല്ലതാണെങ്കിലും അമിതമായി കഴിക്കുന്നത് ദോഷകരമാണ്. ബദാമിൽ ചില പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് അമിതമായി കഴിച്ചാൽ ഹൃദ്രോഗത്തിന് കാരണമാകും.

ഹെൽത്തിയായ ബദാം മിൽക്ക് തയാറാക്കാം

1. ബദാം – 30 എണ്ണം
2. പാൽ – 1/2 ലിറ്റർ + 1/2 കപ്പ്
3. പഞ്ചസാര – 3- 4 ടേബിൾസ്പൂൺ
4. കുങ്കുമപ്പൂവ് – 1 നുള്ള്
5. ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
6. ചൂട് വെള്ളം – 1 കപ്പ്

തയാറാക്കുന്ന വിധം
ബദാം ചൂടുവെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർത്ത് വയ്ക്കുക. ശേഷം തൊലി പൊളിച്ചെടുക്കാം. ബദാം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റി കാൽ കപ്പ് പാലും കൂടി ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക.

ഒരു പാത്രത്തിൽ അര ലിറ്റർ പാൽ ഒഴിച്ച് തിളച്ച് വരുമ്പോൾ അരച്ചെടുത്ത ബദാം ചേർക്കുക. മിക്സിയുടെ ജാറിൽ കാൽ കപ്പ് പാൽ ഒഴിച്ച് മിക്സ് ചെയ്ത് അതും കൂടി ഒഴിച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക. ശേഷം പഞ്ചസാരയും കുങ്കുമപ്പൂവും ഏലയ്ക്കാ പൊടിച്ചതും ചേർത്ത് ഇളക്കി വീണ്ടും രണ്ട് മിനിറ്റ് തിളപ്പിച്ച് തീ ഓഫ് ചെയ്യുക. ഒരു പാത്രത്തിൽ അരിപ്പ വച്ച് ബദാം പാൽ അരിച്ചെടുക്കുക. ചൂട് ആറിയതിന് ശേഷം ഫ്രിജിൽ വച്ച് തണുപ്പിച്ച് എടുക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!