വര്‍ക്ഔട്ട് ചെയ്യാന്‍ ഏറ്റവും മികച്ച സമയം ഏത്? ഗുണദോഷങ്ങൾ അറിയാം

Share our post

എങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യുന്നു എന്നത് പോലെ തന്നെ നിര്‍ണ്ണായകമാണ് എപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യുക എന്നതും. വര്‍ക്ക് ഔട്ടും വ്യായാമവുമെല്ലാം ചെയ്യാനുള്ള സമയം ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍, ജീവിതശൈലി, വ്യക്തിഗത ലക്ഷ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി മാറിക്കൊണ്ടിരിക്കും. പലരുടെയും ഊര്‍ജ്ജത്തിന്‍റെ തോതും സമയക്രമങ്ങളും സിര്‍കാഡിയന്‍ റിഥവുമൊക്കെ വ്യത്യസ്തമായതിനാല്‍ ഇതിന് എല്ലാവര്‍ക്കും ബാധകമായ ഒരുത്തരം സാധ്യമല്ല. 

എന്നിരുന്നാലും ഓരോ സമയത്തെ വര്‍ക്ക് ഔട്ടിനും ഓരോ ഗുണദോഷങ്ങള്‍ ഉണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 

രാവിലെ വര്‍ക്ക് ഔട്ട്

ചയാപചയം മെച്ചപ്പെടുത്താനും കൂടുതല്‍ കലോറി കത്തിക്കാനും എന്‍ഡോര്‍ഫിനുകളെ പുറപ്പെടുവിച്ച് ദിവസം മുഴുവന്‍ പോസിറ്റീവ് മനോഭാവം പ്രകടിപ്പിക്കാനും രാവിലത്തെ വര്‍ക്ക് ഔട്ട് സഹായിക്കും. ദിവസത്തെ മറ്റ് പ്രധാന സംഗതികളെ ബാധിക്കാതെ സുഗമമായി വ്യായാമത്തില്‍ ഏര്‍പ്പെടാനും രാവിലത്തെ സമയം നല്ലതാണ്. 

എന്നാല്‍ രാത്രിയിലെ വിശ്രമത്തിന് ശേഷം രാവിലെ പേശികള്‍ ഉണര്‍ന്ന് സജീവമാകാന്‍ സമയമെടുക്കുമെന്നതിനാല്‍ ആവശ്യത്തിന് വാം അപ്പ് ചെയ്യാത്തവര്‍ക്ക് പരുക്ക് പറ്റാന്‍ സാധ്യതയുണ്ട്. പാചകം, കുട്ടികളെ സ്കൂളിലയയ്ക്കുക പോലുള്ള ജോലികള്‍ ഉള്ളവര്‍ക്കും രാവിലത്തെ വര്‍ക്ക് ഔട്ട് അത്ര അനുയോജ്യമല്ല. 

ഉച്ചയ്ക്ക് ശേഷം വര്‍ക്ക് ഔട്ട്

ചിലര്‍ക്ക് ഉച്ചയ്ക്ക് ശേഷമുള്ള സമയമാണ് വര്‍ക്ക് ഔട്ടിന് ഏറ്റവും ഇഷ്ടമാകുക. ഈ സമയത്ത് ശരീരതാപനിലയും പേശികളുടെ പ്രവര്‍ത്തനവും ഉച്ചസ്ഥായിയില്‍ ഇരിക്കുന്നതിനാല്‍ പരുക്ക് ഏല്‍ക്കുമെന്ന ഭയമില്ലാതെ മികച്ച പ്രകടനം വര്‍ക്ക് ഔട്ടില്‍ കാഴ്ച വയ്ക്കാന്‍ സാധിക്കും. പൊതുവേ സംഘം ചേര്‍ന്ന് വര്‍ക്ക് ഔട്ട് ചെയ്യുന്നവരാണ് ഉച്ചയ്ക്ക് ശേഷമുള്ള വ്യായാമം തിരഞ്ഞെടുക്കാറുള്ളത്. ഇത് സാമൂഹിക ബന്ധങ്ങള്‍ ഉണ്ടാക്കാനും സഹായകമാണ്. 

വൈകുന്നേരത്തെ വര്‍ക്ക് ഔട്ട്

ദിവസം മുഴുവന്‍ നീണ്ട ജോലിക്ക് ശേഷം സമ്മര്‍ദ്ദം അകറ്റാന്‍ വൈകുന്നേരത്തെ വര്‍ക്ക് ഔട്ട് ചിലരെ സഹായിക്കുന്നതാണ്. ശരീരതാപനിലയും പേശികളുടെ പ്രവര്‍ത്തനവും സജീവമായി തുടരുന്നതും അനുകൂല ഘടകമാണ്. മെച്ചപ്പെട്ട പ്രകടനം വര്‍ക്ക് ഔട്ടില്‍ കാഴ്ച വയ്ക്കാനും ഈ സമയം സഹായിക്കാം. എന്നാല്‍ ഉറങ്ങാന്‍ പോകുന്ന സമയത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പുള്ള ഈ സായാഹ്ന വര്‍ക്ക് ഔട്ട് ചിലരുടെ ഉറക്കത്തിന്‍റെ നിലവാരത്തെ ബാധിക്കാം.

വ്യായാമം അഡ്രിനാലിന്‍ തോത് വര്‍ധിപ്പിക്കുന്നത് ഉറക്കം താറുമാറാക്കാം. ദിവസത്തെ ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ചിരിക്കുന്നവര്‍ക്കും മറ്റ് പ്രവര്‍ത്തികള്‍ ഈ സമയം ചെയ്യാനുള്ളവര്‍ക്കും സായാഹ്ന വര്‍ക്ക് ഔട്ട് സഹായകമാകില്ല. ഉറങ്ങാനും ഉണരാനും വ്യത്യസ്ത താത്പര്യമായിരിക്കും വ്യക്തികള്‍ക്ക് ഉള്ളത്. ചിലര്‍ രാവിലെ എഴുന്നേറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ക്ക് രാത്രി വൈകുവോളമിരുന്ന് ജോലി ചെയ്യാനാകും ഇഷ്ടം. ഈ താത്പര്യത്തെ മനസ്സിലാക്കി വര്‍ക്ക് ഔട്ട് സമയം ക്രമീകരിക്കുന്നത് മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സഹായിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!