മട്ടന്നൂരിൽ ഗതാഗത പരിഷ്‌കരണം കർശനമാക്കും
മട്ടന്നൂർ : നഗരത്തിൽ ട്രാഫിക് പരിഷ്കരണം കർശനമായി നടപ്പാക്കാൻ നഗരസഭാ ട്രാഫിക് കമ്മിറ്റി യോഗത്തിൽ തീരുമാനം. വിമാനത്താവള നഗരമായ മട്ടന്നൂരിൽ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും രൂക്ഷമായതോടെയാണ് മാസങ്ങൾക്ക് മുൻപ് പരിഷ്കരണം തുടങ്ങിയത്. പരിഷ്കരണം നടപ്പാകുന്നുണ്ടോയെന്ന് ഉൾപ്പെടെ പരിശോധിക്കുന്നതിനും അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനുമാണ് ട്രാഫിക് കമ്മിറ്റി യോഗം ചേർന്നത്.
ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്ന ഭാഗത്തെ പാർക്കിങ്, ചരക്ക് ഇറക്കുന്ന വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് നിശ്ചിത സമയ പരിധി തുടങ്ങിയവ പരിഷ്കരണത്തിന്റെ ഭാഗമായി കൊണ്ടുവന്നിരുന്നു. എന്നാൽ അനധികൃത പാർക്കിങ് വീണ്ടും വർധിച്ചതായി യോഗത്തിൽ ചർച്ചയായി. ബസ് സ്‌റ്റാൻഡിനു പിറകിലായി ഗതാഗത തടസ്സമുണ്ടാക്കുന്ന വിധം വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കി.
ഓട്ടോ സ്‌റ്റാൻഡുകളിൽ ഓട്ടോറിക്ഷകളുടെ എണ്ണം ക്രമീകരിച്ചിരുന്നു. തലശ്ശേരി റോഡിൽ സീബ്ര ലൈൻ മുതൽ പി.കെ.കെ എന്റർപ്രൈസ് വരെ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് പാർക്കിങ് അനുവദിച്ചിരുന്നത്. ആംബുലൻസ് പാർക്കിങ് തലശ്ശേരി റോഡിൽ കനാലിന് സമീപത്തേക്ക് മാറ്റിയിരുന്നു. ഇതൊക്കെ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും പരിഷ്കരണം കർശനമാക്കാനും തീരുമാനിച്ചു. വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു. മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ കെ.വി. പ്രമോദൻ, എസ്.ഐ അബ്ദുൽ നാസർ, നഗരസഭ സൂപ്രണ്ട് രാമചന്ദ്രൻ, വ്യാപാരി വ്യവസായി നേതാക്കളായ മുസ്‌തഫ ദാവാരി, പി.കെ.നാരായണൻ, ഗണേശൻ കുന്നുമ്മൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി. രമേശൻ, അണിയേരി അച്ചുതൻ, സിദ്ദീഖ് മണ്ണൂർ, വിവിധ സംഘടനാ പ്രതിനിധികൾ, ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.