മലയോര മേഖലയിലെ ആദ്യ ജനകീയ പാലം ഓര്‍മയായി

Share our post

എടൂര്‍: അയ്യൻകുന്ന് പഞ്ചായത്തിലെ കുടിയേറ്റ മേഖലയെ ആറളം പഞ്ചായത്തുമായി ബന്ധിപ്പിച്ച്‌ നാല് പതിറ്റാണ്ട് മുന്പ് ജനകീയ കൂട്ടായ്മയില്‍ പണിതീര്‍ത്ത വെമ്പുഴ പാലം ഓര്‍മയായി.
റോഡുകളുടെ ഗുണനിലവാരവും വലിപ്പവും വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി നിലവിലെ പാലം പൊളിച്ചുമാറ്റി പുതിയ പാലം പണി ആരംഭിച്ചു. കുടിയേറ്റത്തിന്‍റെ ആദ്യകാലഘട്ടങ്ങളില്‍ വെമ്പുഴയ്ക്ക് കുറുകെ പാലം ഇല്ലായിരുന്നു. മഴക്കാലത്ത് എടൂര്‍-കരിക്കോട്ടക്കരി റൂട്ടില്‍ ഗതാഗതവും സാധ്യമായിരുന്നില്ല.

സമീപത്ത് മറ്റൊരു പാലം വന്നതോടെ സര്‍ക്കാരിന്‍റെ അനുകൂല തീരുമാനം ലഭിക്കാതെ വന്നതോടെയാണ് ജനകീയ കൂട്ടായ്മയില്‍ പാലം നിര്‍മിക്കാൻ തീരുമാനിക്കുന്നത്. കൊട്ടുകപ്പാറ ലൂര്‍ദ്‌ മാതാ പള്ളി വികാരിയും ഇറ്റാലിയൻ മിഷനറിയുമായിരുന്ന ഫാ. ജോസഫ് ടഫറേല്‍ (മൂപ്പച്ചൻ) സിമന്‍റും കബിയും വാഗ്ദാനം ചെയ്തതോടെ നാട്ടുകാരുടെ പ്രവര്‍ത്തനം പകുതിവഴി പിന്നിട്ടു.

പരേതനായ മടക്കാവുങ്കല്‍ ജോസഫ് പ്രസിഡന്‍റും ഏബ്രഹാം പാരിക്കാപ്പള്ളി സെക്രട്ടറിയും പരേതനായ കല്ലമ്മാരില്‍ ഉലഹന്നാൻ ട്രഷറും പി.എം. പീറ്റര്‍, വര്‍ക്കി നീറാമ്പുഴ, ഏബ്രഹാം വെട്ടിക്കല്‍, സി.എസ്. സെബാസ്‌റ്റ്യൻ, ജോസഫ് പാരിക്കാപ്പള്ളി, കെ.വി.ജോസഫ്, വര്‍ക്കി കാവുങ്കല്‍ എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളുമായി 250 അംഗ കമ്മിറ്റി രൂപീകരിച്ചു.

പാലം പണിക്കായി ഫാ. ജോസഫ് ടഫറേല്‍ 750 ചാക്ക് സിമന്‍റും 27 ടണ്‍ കബിയും നല്കി. കാരിത്താസ് ഇന്ത്യാ, തലശേരി രൂപത, കരിക്കോട്ടക്കരി സെന്‍റ് തോമസ് പള്ളി, അയ്യൻകുന്ന് പഞ്ചായത്ത് എന്നിവര്‍ സഹായം ലഭ്യമാക്കി. 1978 – 80 കാലഘട്ടത്തില്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത രണ്ട് ലക്ഷം രൂപയായിരുന്നു ആദ്യ മുതല്‍മുടക്ക്. സാങ്കേതിക ജോലികള്‍ ഒഴികെയുള്ളവര്‍ നാട്ടുകാര്‍ തന്നെ പൂര്‍ത്തിയാക്കി.

പണം തികയാത്തതിനാല്‍ രണ്ടാമത്തെ സ്പാൻ പൂര്‍ത്തിയാക്കാൻ വൈകിയെങ്കിലും 1982ല്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. മലയോര ഹൈവേയുടെ വള്ളിത്തോട്-മണത്തണ റീച്ച്‌ 25.3 കിലോമീറ്റര്‍ വീതികൂട്ടി നിലവാരം മെച്ചപ്പെടുത്തല്‍ പ്രവൃത്തി നടത്തുന്നതിന്‍റെ ഭാഗമായാണ് വെമ്ബുഴ, ആനപ്പന്തി, ചേംതോട് പാലങ്ങള്‍ കെ.ആര്‍.എഫ്ബിയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!