ഇരിട്ടി : വന്യമൃഗങ്ങളിൽ നിന്നുണ്ടാകുന്ന ഭീഷണിക്കൊപ്പം കാലാവസ്ഥ വ്യതിയാനവും മലയോരത്തെ കർഷകരെ കണ്ണീർ കുടിപ്പിക്കുകയാണ്.
കാർഷിക മേഖലയിലെ വിലത്തകർച്ചയും വിളത്തകർച്ചയും ജീവിതം ദുസ്സഹമാക്കുന്നു. പ്രതീക്ഷയുടെ പൂക്കാലമാകേണ്ട കശുവണ്ടി കൂടി ചതിച്ചതോടെ മലയോര ജനതയുടെ മുന്നോട്ടുള്ള വഴി കല്ലും മുള്ളും നിറഞ്ഞതായി മാറുകയാണ്. റബ്ബർവിലയിലെ അനിശ്ചിതത്വം മലയോരത്തെ കർഷകന്റെ നട്ടെല്ല് തകർത്തു.
റബ്ബർ ഉത്പാദന സീസൺ പാതി പിന്നിട്ടപ്പോൾ മുൻവർഷത്തിന്റെ മൂന്നിലൊന്ന് പോലും കർഷകന് ലഭിച്ചിട്ടില്ല. മലയോരത്ത് തുർച്ചയായി ഉണ്ടാകുന്ന മഴയാണ് ഉത്പാദനദിനങ്ങളെ കുറച്ചത്. കശുവണ്ടിക്ക് തറവില പോലും പ്രഖ്യാപിച്ചിട്ടില്ല.
സംഭരണം പാളിയതോടെ എല്ലാം സ്വകാര്യ സംരംഭകരുടെ നിയന്ത്രണത്തിലായി. അവർ നിശ്ചയിക്കുന്ന വിലയ്ക്ക് കശുവണ്ടി വിൽക്കേണ്ട അവസ്ഥ.
കശുവണ്ടി ഉണക്കിക്കൊണ്ടുവന്നാൽ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന വ്യാപാരികളുടെ തീരുമാനവും കർഷകന് ഇരുട്ടടിയാകുകയാണ്.
കശുവണ്ടി ഉത്പാദനം മൂന്നിലൊന്നായി കുറയും
കഴിഞ്ഞ അഞ്ചുവർഷം കശുമാവ് കൃഷിയുടെ വിസ്തൃതിയിൽ 50 ശതമാനം കുറവ് വന്നപ്പോൾ ഉത്പാദനത്തിൽ 60 ശതമാനത്തിന്റെ ഇടിവുണ്ടായി. വിലസ്ഥിരത ഉറപ്പുവരുത്താൻ നടപടിയില്ലാത്തതും കാലാവസ്ഥയിലെ ചാഞ്ചാട്ടവുമാണ് കശുവണ്ടി കർഷകരെ ആശങ്കയിലാക്കുന്നത്.
മുൻ വർഷങ്ങളിൽ ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് പോലും ഉത്പാദനം ഇത്തവണ കർഷകർക്ക് ലഭിക്കില്ലെന്ന ആശങ്ക ശക്തമാണ്. തുടക്കത്തിൽ ലഭിക്കുന്ന വില സീസൺ അവസാനിക്കുന്നതുവരെ ലഭിക്കാൻ നടപടിയുണ്ടാക്കുന്നില്ല. കഴിഞ്ഞ വർഷം തുടക്കത്തിൽ 100 രൂപയായിരുന്നു കിലോയ്ക്ക് വില. കിലോയ്ക്ക് 114 രൂപ സർക്കാർ തറവില പ്രഖ്യാപിച്ചതോടെ പൊതുവിപണിയിൽ വില 112 വരെയായി ഉയർന്നു. സർക്കാർ സംഭരണം പാളിയതോടെ വില ഘട്ടംഘട്ടമായി താഴ്ന്നു. ഇത് നൂറിലേക്കും 90-ലേക്കും കുറഞ്ഞു. ഇക്കുറി തറവിലയും ഇല്ല.
കശുമാവിന്റെ ഭൂവിസ്തൃതിയിലെ കുറവും ഈ മേഖലയിലെ പ്രതസന്ധിയുടെ ആക്കം കൂട്ടുന്നു. ജില്ലയിൽ 60,000 ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന കശുമാവ് കൃഷി ഇപ്പോൾ പകുതിയോളമായി കുറഞ്ഞു. ജില്ലയിൽ അഞ്ചുവർഷം മുൻപ് 32,184 ടൺ ഉത്പാദനം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ പകുതി പോലും ലഭിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ജില്ലയിൽ കൂടുതൽ കശുവണ്ടി വിളയുന്ന ആറളം ഫാമിൽ ഇക്കുറി 50 ടൺ പോലും ലഭിക്കാത്ത അവസ്ഥയാണ്. മുൻകാലങ്ങളിൽ 100-150 ടൺ വരെ ലഭിച്ചിരുന്നിടത്താണിത്.
റബ്ബറിനും കഷ്ടകാലം
അകാല മഴ റബ്ബറിന്റെ ഇഴപൊഴിച്ചിലിനേയും ബാധിച്ചിരിക്കുകയാണ്. ചൂടിന്റെ തീക്ഷ്ണത അനുസരിച്ച് നവംബർ, ഡിസംബർ മാസങ്ങളിൽ ഇലപൊഴിഞ്ഞ് ജനുവരിയിൽ തളിരിടേണ്ടതായിരുന്നു. ജനുവരി പകുതി പിന്നിട്ടിട്ടും ഇലപൊഴിച്ചൽ ആരംഭിച്ചിട്ടില്ല. പുതിയ തളിരുകൾ മൂത്ത് മികച്ച ഉത്പാദനം ലഭിക്കേണ്ട സമയമാണിപ്പോൾ. വിലയിലെ അനിശ്ചിതത്വവും പ്രതിസന്ധിയാണ്.
കിഴങ്ങുവർഗങ്ങളും പടിയിറങ്ങുന്നു
മലയോരത്തിന്റെ മുഖമുദ്രയായ കിഴങ്ങുവർഗ വിളകളുടെ കൃഷി പേരിന് മാത്രമാകുന്നു. കപ്പക്കൃഷി കുറഞ്ഞതിനാൽ ഒരുകിലോ കപ്പയ്ക്ക് 50-ന് മുകളിൽ വില നൽകി വാങ്ങേണ്ടിവരുന്നു. കാച്ചിലും ചേനയും ചേമ്പും മധുരക്കിഴങ്ങുമെല്ലാം അയൽസംസ്ഥാനങ്ങളിൽനിന്നും എത്തേണ്ട അവസ്ഥയാണ്. കാട്ടുപന്നിയും കുരങ്ങും മറ്റ് വന്യമൃഗങ്ങളും കിഴങ്ങുവർഗങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് കൃഷിയിറക്കാതെയായത്.