യാത്ര സൈക്കിളിലാക്കിയാൽ മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് ഗവേഷകർ

സൈക്ലിങ് നല്ലൊരു വ്യായാമമാണെന്ന് മിക്കവർക്കും അറിയാം. ശാരീരികാരോഗ്യത്തിനു മാത്രമല്ല മാനസികാരോഗ്യത്തിനും വ്യായാമം മികച്ചതാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. ജോലിക്കും മറ്റും സൈക്കിളോടിച്ചു പോകുന്നവർക്കിടയിൽ വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കുമൊക്കെ മരുന്നുകഴിക്കേണ്ടി വരുന്നവർ കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്.
എ.പിഡെമിയോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ.യിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. സ്കോട്ലന്റിൽ നിന്നുള്ള പതിനാറിനും എഴുപത്തിനാലിനും ഇടയിൽ പ്രായമുള്ള 378,253 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. അഞ്ചുവർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് സൈക്ലിങ് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനേക്കുറിച്ച് ഗവേഷകർ കണ്ടെത്തിയത്.
സൈക്കിൾയാത്ര മാനസികസമ്മർദം നന്നേ കുറയ്ക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. സൈക്കിൾയാത്രികർ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ സൈക്കിളിൽ യാത്രചെയ്യുന്നവരിൽ അഞ്ചുവർഷത്തിനുള്ളിൽ മാനസികാരോഗ്യത്തിനുള്ള മരുന്നുപയോഗത്തിൽ കുറവുവന്നതായി കണ്ടെത്തി. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ മെച്ചം കൂടുതലായി കണ്ടെത്തിയത്. സൈക്കിൾയാത്ര പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രസ്തുതപഠനം വ്യക്തമാക്കുന്നതെന്നും ഗവേഷകർ പറയുന്നു.
സൈക്ലിങ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിരപ്പായ പ്രതലത്തിലൂടെ സൈക്ലിങ് ആരംഭിക്കുക. കുറച്ചുനേരം ഇത് ശീലമായിക്കഴിഞ്ഞാല്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് സൈക്കിള്‍ ചവിട്ടാം. തുടക്കക്കാര്‍ അരമണിക്കൂറില്‍ കൂടുതല്‍ സൈക്കിള്‍ ചവിട്ടരുത്. ശരീരത്തിന് ശീലമായിക്കഴിഞ്ഞ് പതുക്കെ വേഗത വര്‍ധിപ്പിക്കാം.
സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങുന്നതിന് മുന്‍പ് അല്പനേരം ശരീരത്തിന് സ്‌ട്രെച്ചിങ് വ്യായാമം നല്‍കാം. അല്ലെങ്കില്‍ മോശം വഴികളിലൂടെ സൈക്കിള്‍ ചവിട്ടുമ്പോള്‍ അത് ശരീരത്തിന്റെ പുറംഭാഗത്തിന് സ്‌ട്രെയിന്‍ കൂട്ടാനും പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടാനും ഇടയാക്കുന്നു. ഇതൊഴിവാക്കാന്‍ സൈക്കിള്‍ചവിട്ടാന്‍ തുടങ്ങുന്നതിന് മുന്‍പായി നന്നായി ശരീരം സ്‌ട്രെച്ച് ചെയ്യണം. കൈകള്‍, നടുവ്, കാലുകള്‍ എന്നിവയ്ക്കും ശരീരത്തിന്റെ പിന്‍ഭാഗത്തിനും നട്ടെല്ലിനും വ്യായാമം നല്‍കണം.
ഭാരം കുറയ്ക്കുന്നതിന് ഒരാള്‍ ദിവസവും 20-30 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടണം. കൂടുതല്‍ ദൂരം സൈക്കിള്‍ ചവിട്ടുന്നതിനേക്കാള്‍ സൈക്കിള്‍ ചവിട്ടുന്ന സമയം കൂട്ടുന്നതാണ് നല്ലതെന്നും ഫിറ്റ്‌നസ്സ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിനാല്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സൈക്കിള്‍ ചവിട്ടണം.
തിരക്കേറിയ റോഡിലൂടെ സൈക്കിള്‍ ചവിട്ടുമ്പോള്‍ നല്ല വേഗതയില്‍ പോകാനാകില്ല. അതിനാല്‍ ഇടയ്ക്ക് വേഗത കൂട്ടിയും ഇടയ്ക്ക് കുറച്ചും ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാം.
വേഗത വല്ലാതെ കൂടിയോ കുറഞ്ഞോ പോകരുത്. സൈക്കിള്‍ ചവിട്ടുന്നതിനിടയില്‍ ഹൃദയസ്പന്ദന നിരക്ക് കൃത്യമായി നിരീക്ഷിക്കണം. മിനിറ്റില്‍ 100 എന്ന തരത്തിലായിരിക്കും ഇത്. ഇത് കൂടുതലായാല്‍ അല്പസമയം വേഗത കുറയ്ക്കാം.അപ്പോള്‍ വീണ്ടും പഴയനിലയിലേക്കെത്തും. ഇങ്ങനെ ഹൃദയമിടിപ്പ് കൂട്ടിയും കുറച്ചും പരിശീലിക്കാം.ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ വെയ്റ്റ് ട്രെയ്‌നിങ് ചെയ്യുന്നുണ്ടെങ്കില്‍ അത് സൈക്ലിങ്ങിന് മുന്‍പ് ചെയ്യുന്നതാണ് നല്ലത്. കാരണം, സൈക്ലിങ് കഴിയുമ്പോഴേക്കും ശരീരത്തിലെ ഊര്‍ജത്തിന്റെ നല്ലൊരു പങ്കും തീര്‍ന്നുപോകും. പിന്നീട് വെയ്റ്റ് ട്രെയ്‌നിങ് ചെയ്യാന്‍ സാധിച്ചെന്നും വരില്ല.