കുന്നോത്ത് അംബേദ്കര്‍ സെന്‍റില്‍മെന്‍റ് കോളനിയില്‍ പകര്‍ച്ച വ്യാധി;നൂറോളം പേര്‍ ചികിത്സ തേടി

Share our post

ഇരിട്ടി: കുന്നോത്ത് അംബേദ്കര്‍ സെന്‍റില്‍മെന്‍റ് കോളനിയില്‍ പകര്‍ച്ച വ്യാധി. ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച്‌ ചികിത്സ തേടിയ നൂറോളം പേരില്‍ രണ്ടുപേര്‍ ഇനിയും ആശുപത്രിയില്‍ തുടരുകയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം കോളനിയില്‍ രണ്ട് തവണ മെഡിക്കല്‍ ക്യാമ്പ് നടത്തി. പരിശോധനയില്‍ കുടിവെള്ളത്തില്‍ അളവില്‍ കുടുതല്‍ കോളിഫോം ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ കോളനിയിലെ കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു.
 

രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ദത്തെടുത്ത് ഒരു കോടിരൂപയുടെ അടിസ്ഥാന സൗകര്യം ഒരുക്കിയ കോളനിയിലെ ഓവുചാല്‍ സംവിധാനത്തെക്കുറിച്ച്‌ പരിസരവാസികള്‍ പലതവണ പരാതികള്‍ ഉയര്‍ത്തിയിരുന്നു. കോളനിയിലെ 18 കുടുംബങ്ങളിലായി 130 ഓളം പേരാണ് താമസിക്കുന്നത്. അടുത്തടുത്ത വീടുകളില്‍ പലതിലും ഒന്നില്‍ കൂടുതല്‍ കുടുംബങ്ങളാണ് കഴിയുന്നത്.

കല്യാണം കഴിഞ്ഞവര്‍ പലരും നിലവിലുള്ള വീടിനോട് ചേര്‍ന്ന് മറ്റൊരു കുടുംബമായി ഷീറ്റ് ഇട്ട സുരക്ഷിതം അല്ലാത്ത വീടുകളില്‍ താമസിക്കുന്നു. പലവീടുകളുടെയും നിര്‍മാണം ഭാഗികമായി മാത്രമെ പൂര്‍ത്തിയായിട്ടുള്ളൂ. വീട് നിര്‍മാണം പൂര്‍ത്തിയാക്കാത്ത രണ്ട് കുടുംബങ്ങള്‍ കഴിയുന്നത് കുടിലിനുള്ളിലാണ്. കോളനിയിലെ അഞ്ച് കിണറുകളില്‍ മൂന്ന് കിണറുകള്‍ മാത്രമേ നിലവില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നുള്ളു.

ഇതില്‍ മൂന്നിലും ബാക്ടീരയുടെ സാന്നിധ്യം വളരെ കൂടുതലാണെന്നാണ് പരിശോധനയില്‍ മനസിലായിരിക്കുന്നത്.
കിണറിലെ വെള്ളത്തിലൂടെയാണ് വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ടതെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ കിണര്‍ ഉപയോഗിക്കുന്നിതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളനിയിലെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി സമീപത്തെ വീടുകളില്‍ നിന്നും ദൂരസ്ഥലങ്ങളിലുമാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!