ഇനി തെരുവ് ഭരിക്കാൻ വിടില്ല
ഇരിട്ടി : പുന്നാടും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റതിനെ തുടർന്ന്, തെരുവുനായ്ക്കളെ പിടികൂടി നിരീക്ഷണത്തിലാക്കുന്നതിനും വളർത്തുമൃഗങ്ങൾക്കു വാക്സീൻ നൽകുന്നതിനും ശ്രമം തുടങ്ങി. ജില്ലാ പഞ്ചായത്തിനു കീഴിൽ പടിയൂരിലുള്ള എ.ബി.സി കേന്ദ്രത്തിലെ നായപ്പിടുത്തക്കാരെ ഉപയോഗിച്ചാണു പുന്നാട് അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളെ പിടികൂടാൻ തുടങ്ങിയത്. 15 ഓളം തെരുവുനായ്ക്കളെ ഇന്നലെ പിടികൂടി.
50 നായ്ക്കളെ നിരീക്ഷിക്കുന്നതിനും വാക്സീൻ നൽകുന്നതിനുമുള്ള സംവിധാനമാണു പടിയൂരിലെ കേന്ദ്രത്തിലുള്ളത്. ഈ കേന്ദ്രത്തിൽനിന്ന് ഓരോ ദിവസവും ഓരോ പഞ്ചായത്തുകൾക്കു നേരത്തെ നൽകിയ ഷെഡ്യൂൾ അനുസരിച്ചാണു നായ്ക്കളെ പിടികൂടുന്നതെങ്കിലും അടിയന്തര സാഹചര്യം മുൻനിർത്തി ഇന്നലെ ഇവരെ ഇരിട്ടി നഗരസഭയിൽ നിയോഗിക്കുകയായിരുന്നു.
50 തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനും നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുമുള്ള സൗകര്യം ജില്ലാ പഞ്ചായത്തിനു കീഴിലെ പടിയൂർ എ.ബി.സി സെന്ററിലുണ്ട്. 4 കാച്ചർമാർ മാത്രമാണ് ഇവിടെയുള്ളത്. ആവശ്യത്തിനു പട്ടിപിടിത്തക്കാരെ ലഭിക്കാത്തതു പ്രതിസന്ധിയാണ്. നായപ്പിടുത്ത പരിശീലനത്തിന് 22 അപേക്ഷകൾ ലഭിച്ചെങ്കിലും പരിശീലന സമയത്തു ഒരാൾ പോലും എത്താത്ത സഹചര്യമാണ്. ഇപ്പോൾ ഓരോ പഞ്ചായത്തുകൾക്കും ഊഴം വച്ചു സമയം അനുവദിക്കുകയാണ്.
സിനി സുകുമാരൻ, ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫിസ്.