ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങൾ

Share our post

കൊളസ്ട്രോള്‍ അടക്കമുള്ള ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ ഇത് ഇടവിട്ട് പരിശോധിച്ച്, സ്ഥിതിഗതികള്‍ മനസിലാക്കി നിയന്ത്രണത്തോടെ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം അത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും എന്തിനധികം ജീവൻ തന്നെ ഭീഷണിയാകുന്ന നിലയിലേക്കുമെല്ലാം എത്തിക്കാം.

ഇത്തരത്തില്‍ കൊളസ്ട്രോള്‍ വല്ലാതെ കൂടിയെന്നതിന്‍റെ സൂചനയായി ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി വിശദീകരിക്കുന്നത്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അത്, കൊളസ്ട്രോള്‍ വഴി മാറി അനുബന്ധപ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണെന്നും മനസിലാക്കണം.

പ്രത്യേകിച്ച് ഹൃദയമാണ് ഇവിടെ പ്രശ്നത്തിലാകുന്നത്. കൊളസ്ട്രോള്‍ അധികരിക്കുമ്പോള്‍ അത് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് ബ്ലോക്കുണ്ടാക്കുന്നതിലേക്കും ഹൃദയം പ്രതിസന്ധിയിലാകുന്നതിലേക്കും അല്ലെങ്കില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ പോലൊരു ഗുരുതരമായ നിലയിലേക്ക് എത്തുന്നതിലേക്കുമെല്ലാം നയിക്കാം.ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കൊളസ്ട്രോള്‍ കൂടുന്നുവെന്നത് ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കണം.

പല ലക്ഷണങ്ങളും കൊളസ്ട്രോള്‍ കൂടിയതിന്‍റെ ഭാഗമായി കാണാം. ഇതിലൊന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചര്‍മ്മത്തിന്‍റെ താഴെയായി മഞ്ഞനിറത്തിലുള്ള ചെറിയ മുഴകളോ വീക്കമോ ആണ്. കൈമുട്ടില്‍, കാല്‍മുട്ടില്‍, കൈകളില്‍, പൃഷ്ടഭാഗത്ത് എല്ലാമാണ് ഇത് കാണപ്പെടുക.

മറ്റൊരു ലക്ഷണം കണ്ണിന്‍റെ കൃഷ്ണമണിക്ക് ചുറ്റുമായി കാണുന്ന ചാര നിറത്തിലുള്ളതോ വെളുപ്പിലോ കാണുന്ന ആവരണമാണ്. അധികവും പ്രായമായവരിലാണ് കൊളസ്ട്രോള്‍ കൂടുമ്പോള്‍ ഇത് കാണുക. കോര്‍ണിയയ്ക്ക് ചുറ്റുമായി ഇതുപോലെ ചാരനിറത്തിലോ വെളുപ്പിലോ ആയി കാണുന്ന ആവരണവും കൊളസ്ട്രോള്‍ കൂടി എന്നതിന്‍റെ സൂചനയാണ്. ഇതും പ്രായമായവരിലാണ് കാണുന്നത്.

കൊളസ്ട്രോള്‍ കൂടുമ്പോള്‍ ഇതിന്‍റെ ഭാഗമായി ഹൃദയത്തിലേക്ക് രക്തയോട്ടം കുറയുകയും ഇത് മൂലം നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യാം. അതിനാല്‍ നെഞ്ചുവേദനയോ നെഞ്ചില്‍ അസ്വസ്ഥതയോ തോന്നുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക.

രക്തയോട്ടം കുറയുന്നത് തളര്‍ച്ചയിലേക്കും നയിക്കാം. അതുപോലെ ശ്വാസതടസത്തിലേക്കും. അതിനാല്‍ ഈ ലക്ഷണങ്ങള്‍ കണ്ടാലും ശ്രദ്ധിക്കുക. ഉയര്‍ന്ന കൊളസ്ട്രോളിനെയാകാം ഇവ സൂചിപ്പിക്കുന്നത്.ബി.പി കൂടുന്നതിന് പിന്നിലും കൊളസ്ട്രോള്‍ കൂടുന്നത് കാരണമാകാറുണ്ട്. അതിനാല്‍ ബി.പി അധികരിച്ചാലും ഒപ്പം കൊളസ്ട്രോള്‍ കൂടിയൊന്ന് പരിശോധിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!