ഭൂമി തരംമാറ്റൽ അദാലത്ത്: സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് മാനന്തവാടിയിൽ

കൽപ്പറ്റ : ഭൂമി തരംമാറ്റൽ ഭേദഗതി ബിൽ ഗവർണർ പിടിച്ചുവച്ചതിലൂടെ അവകാശം നിഷേധിക്കപ്പെട്ടവർക്ക് ആശ്വാസം എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അദാലത്തിന് തിങ്കളാഴ്‌ച തുടക്കം. ഭൂമി തരംമാറ്റ അപേക്ഷ തീർപ്പാക്കാൻ ആർ.ഡി.ഒ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിങ്കൾ പകൽ 11ന് മാനന്തവാടി ഡിവിഷൻ പരിധിയിലെ പനമരത്ത് നടത്തും. മന്ത്രി കെ. രാജൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനത്താകെ അദാലത്തിലൂടെ ഒരുലക്ഷത്തിലധികം പേർക്ക് ആശ്വാസം ലഭിക്കും.
സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള 25 സെന്റുവരെയുള്ള അപേക്ഷകൾ അദാലത്തിൽ പരിഗണിക്കും. തീർപ്പാകുന്നവയുടെ ഉത്തരവുകൾ അദാലത്തിൽ തന്നെ നൽകും. 2023 ഡിസംബർ 31വരെയുള്ള അപേക്ഷകൾ പരിഗണിക്കും. ഭൂമി തരംമാറ്റി നൽകാനുള്ള അപേക്ഷകൾ വേഗം തീർപ്പാക്കുന്നതിനായി ആർ.ഡി.ഒ.മാർക്കൊപ്പം ഡെപ്യൂട്ടി കലക്ടർമാർക്കും അധികാരം നൽകുന്ന നിയമ ഭേദഗതിയാണ് ഒപ്പിടാതെ ഗവർണർ പിടിച്ചുവച്ചത്. പനമരം സെയ്ന്റ് ജൂഡ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തുന്ന സംസ്ഥാനതല ഉദ്‌ഘാടനത്തിൽ ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷനാകും.