എയർപോർട്ട് റോഡ് സ്ഥലമെടുപ്പ് വൈകുന്നു; ഭൂവുടമകൾ സമരത്തിലേക്ക്

കേളകം: കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയ്ക്കായി ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന കണിച്ചാർ, കേളകം പഞ്ചായത്തുകളിലെ സ്ഥലം ഉടമകളുടെ യോഗം കേളകം ഐശ്വര്യ കല്യാണമണ്ഡപത്തിൽ നടന്നു. നാലുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. ആക്ഷൻ കമ്മിറ്റി കൺവീനർ ജോണി പാമ്പാടിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജിൽസ്.എം.മേക്കൽ മുഖ്യ പ്രഭാഷണം നടത്തി.
ജോർജുകുട്ടി മുക്കാടൻ, രാജു ഓട്ടുകുന്നേൽ, ജെ. ദേവദാസൻ മാതൃക, തിട്ടയിൽ വാസുദേവൻ നായർ, കുര്യൻ ഇടയത്തുപാറ, വർഗീസ് മൂഴിക്കുളം, ടോമി ജോസഫ് കയത്തിൻകര എന്നിവർ സംസാരിച്ചു. അതിരുകല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞ് റോഡ് ഫണ്ട് ബോർഡും റവന്യു അധികൃതരും ചേർന്ന് നടത്തിയ സംയുക്ത പരിശോധന ആരംഭിച്ച കേളകം പഞ്ചായത്തിൽത്തന്നെ നിലച്ചതും തുടർ നടപടികൾ വൈകുന്നതുമാണ് ഭൂ ഉടമകളെ പ്രതിസന്ധിയിലാക്കിയത്.
റോഡ് ഫണ്ട് ബോർഡും റവന്യു അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിൽ ചില സർവേ നമ്പറുകളിൽ വ്യത്യാസം വന്നതാണ് പരിശോധന വൈകാൻ കാരണമെന്നാണ് ലഭ്യമായ വിവരം.നടപടികൾ വൈകുന്ന സാഹചര്യത്തിൽ എയർപോർട്ട് റോഡിനായി സ്ഥലം വിട്ടുകൊടുക്കുന്ന കണിച്ചാർ, കേളകം പഞ്ചായത്തിലെ ജനങ്ങൾ സമരമുഖത്തേക്ക് നീങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കെ.ആർ.എഫ്.ബിയും റവന്യൂ ഡിപ്പാർട്ട്മെന്റും നൽകുന്ന സൂചനകൾ ജനങ്ങളെ കൂടുതൽ ആശങ്കയിലേക്കു
തള്ളിവിടുകയാണെന്നും ഇവർ പറഞ്ഞു.നഷ്ടപരിഹാരം പരിഷ്കരിക്കണംനിർമ്മാണ മേഖലയിലും ഭൂ വിലയിലും സാങ്കേതിക രംഗത്തും ഉണ്ടാകുന്ന വിലവർദ്ധന കണക്കിലെടുത്ത് നിലവിൽ നൽകുന്ന നഷ്ടപരിഹാരത്തോത് കാലോചിതമായി പരിഷ്കരിക്കണം. വിളകൾക്ക് നൽകുന്ന നഷ്ടപരിഹാരം സ്കെയിൽ ഓഫ് ഫിനാൻസ് അടിസ്ഥാനത്തിൽ ആയിരിക്കണം. വീട് ,സ്ഥലം, കച്ചവടസ്ഥാപനങ്ങൾ എന്നിവയെല്ലാം ഏറ്റെടുത്ത് എത്രയും വേഗം നഷ്ടപരിഹാരം നൽകി പുനരധിവാസം നടപ്പാക്കണം എന്നിവയാണ് യോഗം ആവശ്യപ്പെടുന്നത്.