റേഷൻ വിതരണം തടസ്സപ്പെടുത്തിയാൽ നടപടി

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത്‌ റേഷൻ വിതരണം തടസ്സപ്പെടുത്താനുള്ള ആസൂത്രിതനീക്കത്തെ കർശനമായി നേരിടുമെന്ന്‌ ഭക്ഷ്യവകുപ്പ്‌. സപ്ലൈകോ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർക്ക്‌ നൽകാനുള്ള 38 കോടി അനുവദിച്ച്‌ വെള്ളിയാഴ്‌ച ഉത്തരവിറങ്ങിയിരുന്നു. ഇത്‌ സപ്ലൈകോ സി.എം.ഡി.യുടെ അക്കൗണ്ടിലേക്ക്‌ മാറ്റാനും നടപടിയെടുത്തു. തുക ചൊവ്വാഴ്‌ചയ്‌ക്കകം കരാറുകാരുടെ അക്കൗണ്ടിലെത്തും. ഇതറിയാമായിരുന്നിട്ടും ഇടനിലക്കാർ ചില കരാറുകാരെ സ്വാധീനിച്ച്‌ പണിമുടക്കിലേക്ക്‌ നീങ്ങി. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്താൻ വിജിലൻസിനോട്‌ ആവശ്യപ്പെടും.

പണിമുടക്ക് റേഷൻ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ജനുവരിയിലെ വിഹിതത്തിന്റെ 75 ശതമാനവും കടകളിൽ എത്തിച്ചിട്ടുണ്ട്. ശനി വൈകിട്ട്‌ അഞ്ചുവരെമാത്രം 2.20 ലക്ഷം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റി. ട്രാൻസ്പോർട്ടേഷൻ കരാറുകാർക്ക് സെപ്തംബർവരെയുള്ള കമീഷൻ പൂർണമായും നവംബറിലേത്‌ ഭാഗികമായും നൽകി. ബാക്കി തുകയും ഡിസംബറിലെ കമീഷനും നൽകുന്നതിന് 38 കോടി അനുവദിച്ചു. സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന പണിമുടക്കിൽനിന്ന്‌ കരാറുകാർ പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യം എത്തിച്ചു തുടങ്ങേണ്ട സമയമാണിത്‌. 57 കരാറുകാരാണ്‌ സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്‌. ശനിയാഴ്‌ചയാണ്‌ ഒരുവിഭാഗം കരാറുകാർ സമരം ആരംഭിച്ചത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!