ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്തണമെന്ന് വനിതാ കമ്മീഷൻ

ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്താൻ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി. വിവാഹങ്ങള്‍ക്ക് നല്‍കുന്ന പാരിദോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും സതീദേവി പറഞ്ഞു. കേരളത്തിൽ സ്ത്രീധന പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം കൂടിവരികയാണ്. അയല്‍ വീട്ടിലേതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം സ്ത്രീധനം നല്‍കണമെന്നും കൂടുതല്‍ പേരെ ക്ഷണിക്കണമെന്നുമാണ് ആളുകളുടെ ചിന്ത. പെണ്‍കുട്ടികളെ ബാദ്ധ്യതയായാണ് സമൂഹം കാണുന്നത്. ഞാനവളെ കെട്ടിച്ചു വിട്ടു, ഇത്രപവൻ നല്‍കി ഇറക്കി വിട്ടു എന്ന രീതിയിലാണ് വിവാഹം സംബന്ധിച്ച് മാതാപിതാക്കളുടെ സംസാരം. ഈ പശ്ചാത്തലം കണക്കിലെടുത്ത് പാരിതോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്തണമെന്നും സംസ്ഥാന സര്‍ക്കാരിന് വനിതാ കമ്മിഷൻ ശുപാര്‍ശ നല്‍കും. സ്ത്രീധനത്തെ നിയമംകൊണ്ട് മാത്രം നിരോധിക്കാൻ സാധിക്കില്ല. ഈ സാമൂഹിക വിപത്തിനെതിരേ നാം ഓരോരുത്തരും തീരുമാനം എടുക്കണം.
ആഡംബര വിവാഹം നടത്തിയ ശേഷം ഭാര്യാ, ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അഡ്‌ജസ്റ്റ് ചെയ്ത് ജീവിക്കണമെന്നാണ് ഉപദേശിക്കുന്നത്. മര്‍ദ്ദനം ഉള്‍പ്പെടെ പീഡനം സഹിച്ച് ജീവിക്കണമെന്ന കാഴ്ചപ്പാട് മൂലം പെണ്‍കുട്ടികളുടെ ജീവിതം താറുമാറാകും. അഡ്‌ജസ്റ്റ് ചെയ്യാൻ സാധിക്കാതെ വരുമ്പോള്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയിലേക്ക് വഴിമാറുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ജീവിതം സംബന്ധിച്ച് പെണ്‍കുട്ടികളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായി കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ ചിന്താഗതിയിലാണ്. വീടുകളുടെ അകത്തളങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരണം. പെണ്‍കുട്ടികള്‍ക്ക് അഭിപ്രായങ്ങള്‍ പറയുന്നതിന് അവസരം നല്‍കണം. സ്ത്രീകള്‍ക്ക് അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ സ്വയം തിരിച്ചറിയാൻ സാധിക്കണമെന്നും സതീദേവി പറഞ്ഞു.