രക്തം വേണോ, ഒരു ഗ്രാമം മുഴുവന്‍ തയ്യാറാണ്; ഇത് വെച്ചൂര്‍ മാതൃക

വൈക്കം: രക്തദാനത്തോളം മഹത്തായ മറ്റൊന്നില്ല. ഏത് അടിയന്തരഘട്ടത്തിലും രാപകല്‍ വ്യത്യാസമില്ലാതെ വൈക്കത്തെ വെച്ചൂര്‍ ഗ്രാമം മുഴുവന്‍ രക്തദാനത്തിന് തയ്യാറാണ്. ഇതിനായി രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത്.
സംസ്ഥാനത്ത് തന്നെ ഇത്തരമൊരു ഉദ്യമം ആദ്യമാണെന്ന് പ്രസിഡന്റ് കെ.ആര്‍. ഷൈലകുമാര്‍ പറഞ്ഞു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രക്തസാക്ഷരഗ്രാമം എന്ന പദ്ധതി വെച്ചൂര്‍ പഞ്ചായത്തില്‍ ആസൂത്രണംചെയ്യുന്നത്. രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുക എന്ന ശ്രമകരമായ ദൗത്യം പഞ്ചായത്ത് ഏറ്റെടുത്തു.
അതിനായി ഇടയാഴം കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ബി.ഷാഹുലിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരും ആശാവര്‍ക്കര്‍മാരും പഞ്ചായത്ത് ഉദ്യോഗസ്ഥരും എ.ഡി.എസ്. അംഗങ്ങളും മുന്നിട്ടിറങ്ങി രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പുകള്‍ നടത്തി.
ഓരോ വാര്‍ഡിലെയും ആളുകളുടെ രക്തഗ്രൂപ്പ്, പേര്, വീട്ടുപേര്, ഫോണ്‍നമ്പര്‍ എന്നീ ക്രമത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ചു. തുടര്‍ന്ന് നാല് മാസംകൊണ്ട് രക്തഗ്രൂപ്പ് ഡയറക്ടറിയായി പുറത്തിറക്കുകയായിരുന്നു.
ഡയറക്ടറിയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ഷൈലകുമാര്‍, ഇടയാഴം കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ബി. ഷാഹുലിന് നല്‍കി നിര്‍വഹിച്ചു.