യുവതിയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതി റിമാന്‍ഡില്‍

കണ്ണൂര്‍: കോഴിക്കോട് കൊടുവളളി സ്വദേശിനിയെ തട്ടിക്കൊണ്ടു പോയി ഒരുകിലോയോളം സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്ത മാങ്ങാട്ടിടം കണ്ടേരിയിലെ നൂര്‍മഹലില്‍ മര്‍വാനെ (31) മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് പൊലിസ് ഇന്‍സ്‌പെക്ടർ ഇന്‍ ചാര്‍ജ് അനില്‍കുമാര്‍, എസ്. ഐ.അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തു കൂത്തുപറമ്പിലെത്തിച്ചത്.
പ്രതിയെ കൂത്തുപറമ്പിന്റെ ചുമതല വഹിക്കുന്ന മട്ടന്നൂര്‍ഫ സ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണംതട്ടിയെടുത്ത സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട പൂക്കോട് ശ്രീധരന്‍ മാസ്റ്റര്‍ റോഡിലെ ജമീല മന്‍സിലില്‍ ടി. അഫ്‌സല്‍, കോട്ടയം മലബാര്‍ കൂവ്വപ്പാടിയിലെ ജംഷീര്‍ മന്‍സിലില്‍ ടി.വി റംഷാദ്, കൂത്തുപറമ്പ് മൂര്യാട് സ്വദേശി കെ.കെ മുഹ്‌സിന്‍ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ മുഖ്യപ്രതി മര്‍വാന്റെ കൂട്ടാളിയായ അമീര്‍ ഉള്‍പ്പെടെയുളളവര്‍ ഒളിവിലാണ്.