സമരം ചരിത്രം; കീഴാറ്റൂർ ബൈപ്പാസ് പൂർത്തിയായി

കണ്ണൂർ: പരിസ്ഥിതി സമരഭൂമിയായ കണ്ണൂർ കീഴാറ്റൂരിലെ ദേശീയപാതാ ബൈപ്പാസ് നിർമ്മാണം പൂർത്തിയായി. ഇരുന്നൂറേക്കറോളം വരുന്ന കീഴാറ്റൂർ, കൂവോട് പ്രദേശങ്ങളിലെ കൃഷിഭൂമികൾ നെടുകെ പിളർന്നാണ് പാത. വയൽകിളികളും സമരവും നിശബ്ദമായെങ്കിലും പരിസ്ഥിതി പ്രവർത്തകർ ഇപ്പോഴും ചില കോണുകളിൽ നിന്ന് ആശയ പ്രതിരോധം ഉയർത്തുന്നുണ്ട്.
വയലിന്റെ തുടക്കത്തിലും അവസാനഭാഗത്തും പാലങ്ങൾ പണിത് റോഡ് ഉയർത്തിയെങ്കിലും വയലിൽ മാത്രം റോഡ് ഉയർത്തിയിട്ടില്ല. വയലിൽ തൂണുകൾക്ക് മുകളിൽ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും ഒരു ഘട്ടത്തിൽ സമരക്കാർ ഉന്നയിച്ചിരുന്നു.2018 ൽ നടന്ന സമരത്തിന്റെ അവശിഷ്ടങ്ങളെന്നോണം ഇപ്പോൾ കാടുമൂടിയ പ്രദേശങ്ങളായി വയൽ മാറിക്കഴിഞ്ഞു. ഇവിടെയും റോഡ് അൽപ്പം ഉയർത്തി പാലത്തിന്റെ മുകളിലായിരുന്നുവെങ്കിൽ വയൽക്കിളികൾ ആവശ്യപ്പെട്ടതുപോലെ കീഴാറ്റൂർ വയൽ ഇന്നും നെല്ലറയായി ബാക്കിയുണ്ടാകുമായിരുന്നു. സമരം ചെയ്ത സ്ഥലമുടമകൾക്കെല്ലാം വലിയതോതിൽ പണം ലഭിച്ചതോടെയാണ് സമരം അപ്രസക്തമായി മാറിയതെന്ന് വയൽക്കിളി സമരത്തിലെ സജീവാംഗമായിരുന്ന വിമുക്തഭടൻ പറയുന്നു.
ദേശീയപാതാ നിർമ്മാണത്തിൽ കാസർകോട് നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം മുതൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുറ്റിക്കോൽ പാലം വരെയയുള്ള റീച്ചിലാണ് കീഴാറ്റൂർ ബൈപ്പാസ്. ഈ റീച്ചിന്റെ ദൂരം 40.110 കിലോമീറ്ററാണ്. 5.660 കിലോമീറ്റർ ദൈർഘ്യത്തിലാണ് കീഴാറ്റൂർ ബൈപ്പാസ്. 2021 ഒക്ടോബർ 15നാണ് ഈ റീച്ചിലെ നിർമ്മാണം ആരംഭിച്ചത്. . മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്സ് ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. റീച്ചിൽ 3061 കോടിയാണ് ആകെ നിർമ്മാണച്ചെലവ്.
പിടിച്ചുകുലുക്കിയ വയൽക്കിളിസമരം
ആദ്യ പിണറായി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നടന്ന കീഴാറ്റൂരിലെ വയൽക്കിളി സമരം സിപി.എമ്മിനെ പിടിച്ചു കുലുക്കിയിരുന്നു. നെൽവയൽ നികത്തി ബൈപ്പാസ് നിർമ്മിക്കാൻ തീരുമാനിച്ചതോടെയാണ് വയൽക്കിളി എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മ കീഴാറ്റൂരിൽ സമരം ആരംഭിച്ചത്. ആദ്യം സി പി.എം പ്രാദേശിക നേതൃത്വം സമരത്തോട് അനുകൂലമായിരുന്നു. ഇതിന് ശേഷം പ്രാദേശിക നേതൃത്വത്തിലെ ചിലർ പാർട്ടിയെ വെല്ലുവിളിച്ച് സമരം തുടർന്നു. ഇവരെ സി.പി.എം പുറത്താക്കി. എതിർപ്പുകൾ വകവയ്ക്കാതെ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയി.
കീഴാറ്റൂർ ബൈ പാസ് ഇടതുപക്ഷ സർക്കാരിന്റെ പൊൻതൂവലായി അവതരിപ്പിക്കുന്നവർ ചില കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്. വയലുകൾ നികത്താതെ ബൈപ്പാസ് പോകാൻ വേറെ വഴി ഉണ്ടായിരുന്നു. കൊടിപിടിച്ച് സംരക്ഷിച്ച വയലുകൾക്ക് ചരമകുറിപ്പ് എഴുതിയതിൽ ഇടതുപക്ഷത്തിനു അഭിമാനിക്കാം.
സുരേഷ് കീഴാറ്റൂർ
( വയൽക്കിളി സമരനായകൻ)
തളിപ്പറമ്പിലെ നഷ്ടം ഒഴിവാക്കാൻ
ദേശീയപാത തളിപ്പറമ്പിലൂടെ കടന്നുപോകുമ്പോഴുണ്ടാവുന്ന നഷ്ടങ്ങളും എതിർപ്പും ഒഴിവാക്കാനായിരുന്നു കുപ്പം കീഴാറ്റൂർ കൂവോട് കുറ്റിക്കോൽ ബൈപ്പാസ് എന്ന നിർദേശമുയർന്നത്. പൊളിക്കേണ്ട വീടുകളുടേയും കെട്ടിടങ്ങളുടേയും എണ്ണം താരതമ്യേന കുറവാണെന്നതായിരുന്നു ഇതിന് അനുകൂലമായത്. എന്നാൽ കീഴാറ്റൂരിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്ന് ആരോപിച്ച് വയൽക്കിളികൾ രംഗത്തുവരികയായിരുന്നു. കോൺഗ്രസും ബി.ജെ.പി.യും ആദ്യഘട്ടത്തിൽ സമരത്തിന് പിന്തുണയുമായെത്തി. സെന്റിന് 3000 രൂപ പോലും ലഭിക്കാത്ത നിലത്തിന് 3 ലക്ഷത്തിൽ അധികം വില നൽകിയാണ് സർക്കാർ എതിർപ്പ് അവസാനിപ്പിച്ചത്. ഇതോടെ വയൽക്കിളികൾക്കൊപ്പമുണ്ടായിരുന്നവർ പിൻവാങ്ങി.വയൽക്കിളികൾ സി.പി.എമ്മിലേക്ക് തിരിച്ചെത്തി എന്ന് പിന്നീട് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.പട്ടുവം റോഡിൽ നിന്ന് മാന്ധംകുണ്ട് കീഴാറ്റൂർ വയലിലൂടെയാണ് ബൈപ്പാസ് നീളുന്നത്. ഇതിനായി പ്രദേശത്തെ മഞ്ചക്കുഴിക്കുന്ന് പൂർണമായും ഇടിച്ചുനിരത്തി.