കൊളച്ചേരി കുടിവെള്ള പദ്ധതി വിപുലീകരിച്ചു: ആറ് പഞ്ചായത്തുകളിൽ ദിവസവും കുടിവെള്ളമെത്തും

കണ്ണൂർ : ജലജീവൻ മിഷന്റെ ഭാഗമായി വിപുലീകരിച്ച കൊളച്ചേരി കുടിവെള്ള പദ്ധതിയിൽനിന്നുള്ള ശുദ്ധജലം നാറാത്ത്, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, കൂടാളി, മുണ്ടേരി പഞ്ചായത്തുകളിൽ ഇനി ദിവസവും ലഭിക്കും.
ഈ ആറു പഞ്ചായത്തുകളിൽ വിതരണംചെയ്യുന്നതിന് നിലവിൽ സംഭരിക്കുന്ന 13.5 ദശലക്ഷം ലിറ്ററിന് പുറമേ, പ്രതിദിനം എട്ടര ദശലക്ഷം ലിറ്റർ വെള്ളം കൂടി ദിവസവും എത്തിച്ചുതുടങ്ങി. 28 കോടിരൂപ ചെലവിൽ 26 കി.മീ. ദൂരത്തിലാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്.
ചില പഞ്ചായത്തുകളിൽ ആഴ്ചയിൽ രണ്ട് ദിവസവും മൂന്ന് ദിവസവുമാണ് കുടിവെള്ളം കിട്ടിക്കൊണ്ടിരുന്നത്. അടുത്ത 25 വർഷത്തേക്ക് ആവശ്യമായി വരുന്ന കുടിവെള്ളവിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് സജ്ജമായത്.
1990-ൽ ആരംഭിച്ച കൊളച്ചേരി ശുദ്ധജലവിതരണ പദ്ധതി ജലജീവൻ മിഷന്റെ ഭാഗമായി വിപുലപ്പെടുത്തുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായാണ് ഇതിന്റെ ചെലവ് വഹിക്കുന്നത്. നേരത്തേ സ്ഥാപിച്ച കിണറുകൾക്കും ജലസംഭരണികൾക്കും പുറമേ പുതിയവയും സ്ഥാപിച്ചിട്ടുണ്ട്.
പഴയ പൈപ്പുകൾ മിക്കതും മാറ്റിസ്ഥാപിച്ചു. ഒരു പഞ്ചായത്തിൽ 100-150 കി.മീ. ദൂരത്തിൽ 75-350 മില്ലീ മീറ്റർ വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ചു. മുണ്ടേരി-കൂടാളി പഞ്ചായത്തുകളിൽ പൈപ്പിടൽ ജോലികൾ പൂർത്തിയായി. പുതിയ കണക്‌ഷൻ നൽകുന്ന ജോലികളും നടന്നുവരുന്നു. മറ്റ് പഞ്ചായത്തുകളിൽ ജോലി കുറച്ചുകൂടി ബാക്കിയുണ്ട്. ഒരു മാസത്തിനകം ഈ ജോലികൾ പൂർത്തിയാവുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.
പഴശ്ശി പദ്ധതിയിൽ നിന്ന് ശേഖരിക്കുന്ന വെള്ളം ചാവശ്ശേരിയിലെ പ്ലാന്റിൽനിന്ന് ശുദ്ധീകരിച്ചതിന് ശേഷമാണ് വിവിധ ജലസംഭരണിയിലേക്കെത്തിക്കുന്നത്.
നാറാത്ത് പഞ്ചായത്തിലേക്ക് കൊളച്ചേരിയിലേതും കൊളച്ചേരി, മയ്യിൽ പഞ്ചായത്തുകളിലേക്ക് പാടിക്കുന്നിലേതും കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്തുകളിലേക്ക് കുറ്റ്യാട്ടൂർ വടുവൻകുളത്തിലെയും ജലസംഭരണികളിൽ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്.
മുണ്ടേരി പഞ്ചായത്തിലേക്കായി അയ്യപ്പൻമലയിൽ 10 ലക്ഷം ലിറ്റർ ശേഷിയുള്ളതും പാടിക്കുന്നിൽ 14 ലക്ഷം ലിറ്റർ ശേഷിയുള്ളതുമായ പുതിയ ജലസംഭരണികൾ നിർമിക്കുന്നുണ്ട്.