കെ.സ്മാർട്ട് പദ്ധതി; അഞ്ചുമിനിട്ടുകൊണ്ട് മരണസർട്ടിഫിക്കറ്റ് ലഭ്യമാക്കി

ഇരിട്ടി : നഗരസഭകളിലും കോർപ്പറേഷനുകളിലും നടപ്പാക്കിയ കെ. സ്മാർട്ട് പദ്ധതി പ്രകാരം മരണ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചയാൾക്ക് അഞ്ചുമിനിട്ടിനകം സർട്ടിഫിക്കറ്റ് ലഭ്യമാക്കി ഇരിട്ടി നഗരസഭ. കീഴൂർ കോട്ടക്കുന്നിലെ കെ.കെ.നാരായണിയുടെ മരണസർട്ടിഫിക്കറ്റിനാണ് കുടുംബം അപേക്ഷ നൽകിയത്.
പട്ടികവർഗ വികസനവകുപ്പിന്റെ നേതൃത്വത്തിൽ വെളളിയാഴ്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധങ്ങളായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന എ.ബി.സി.ഡി. ക്യാമ്പിലാണ് അപേക്ഷ നൽകിയത്. അഞ്ചുമിനിട്ടിനുള്ളിൽ അപേക്ഷകന് മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ സർട്ടിഫിക്കറ്റ് കൈമാറി.
സൂപ്രണ്ട് നിഷ, ജെ.പി.എച്ച്.എൻ. ജെസ്സി, ഓഫിസ് അസിസ്റ്റന്റ് രേഷ്മ, ഡേറ്റ എൻട്രി ഓപ്പറേറ്റർ രജിന എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.