പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ കളക്ടറെ കാത്തിരിക്കേണ്ട; സേവനങ്ങള്‍ വിരൽത്തുമ്പിലെത്തിച്ച് ഡി.സി കണക്ട്

കാസർഗോഡ് : ജില്ലാ കളക്ടറെ കണ്ട് പരാതികള്‍ നല്‍കാന്‍ ദീര്‍ഘദൂരം യാത്രചെയ്ത് കളക്ടറേറ്റിലെത്തുന്ന പൊതു ജനങ്ങള്‍ക്ക് ആശ്വാസമായി ഡി.സി കണക്ട്.
കടലാസ് രഹിതമായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സേവനം വേഗത്തിലാക്കുന്നതിന് ഐ.ടി മിഷന്‍ നേതൃത്വം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 15ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
edistrict.kerala.gov.in എന്ന സൈറ്റില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയോ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്തോ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. വിവിധങ്ങളായ 80 വിഷയങ്ങള്‍ പരാതി ഇനത്തില്‍ തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന പരാതികള്‍ക്ക് 28 ദിവസത്തിനകം മറുപടി ലഭിക്കും.
ഇ-സര്‍ട്ടിഫിക്കേറ്റുകള്‍ അനുവദിക്കുന്നതിനായി ഉപയോഗിച്ചു വരുന്ന ഇ- ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ പരാതി പരിഹാരം കൂടി ചേര്‍ത്താണ് സേവനം ലഭ്യമാക്കുന്നത്. കളക്ടറേറ്റിലെ പബ്ലിക് ഗ്രീവന്‍സ് സെല്ലിലെ ക്ലാര്‍ക്കിനാണ് ആദ്യം പരാതി എത്തുന്നത്.
ക്ലാര്‍ക്ക് ജൂനിയര്‍ സൂപ്രണ്ടിനും, ജൂനിയര്‍ സൂപ്രണ്ട്് കളക്ടര്‍ക്കും നല്‍കി പരിശോധിച്ച ശേഷം പരാതികള്‍ അതാത് വകുപ്പുകള്‍ക്ക് അയച്ചു നല്‍കും. പരാതികളുടെ നില അപേക്ഷകര്‍ക്ക് വിലയിരുത്താന്‍ സാധിക്കും.
ലഭിക്കുന്ന മറുപടികളില്‍ തൃപ്തനല്ലെങ്കില്‍ പഴയ പരാതി നമ്പര്‍ ഉപയോഗിച്ച് വീണ്ടും പരാതിപ്പെടാം. ഇത്തരത്തില്‍ രണ്ടാമത് അയക്കുന്ന പരാതികള്‍ ജില്ലാ കളക്ടര്‍ നേരിട്ട് പരിശോധിക്കും. പൊതുജനങ്ങള്‍ക്ക് വ്യക്തവും അനുഭാവ പൂര്‍ണ്ണവുമായുള്ള മറുപടികള്‍ സമയബന്ധിതമായി നല്‍കണമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.