പാതിരാത്രി വനമേഖലയിൽ കാർ കേടായി; 12 അംഗ കുടുംബത്തിന് രക്ഷകരായി പോലീസ്

Share our post

തലശ്ശേരി: പാതിരാത്രിയിൽ വനമേഖലയിൽ കാർ നിന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള 12 അംഗ കുടുംബം. ഇവർക്ക് രക്ഷകരായെത്തിയത് പോലീസ്. കാർ നന്നാക്കി നാട്ടിലേക്ക് വരാനും പോലീസ് സൗകര്യമൊരുക്കി.

കഴിഞ്ഞയാഴ്ച‌ പുലർച്ചെ 1.30-നാണ് സംഭവം. തലശ്ശേരിയിൽ ബിസിനസുകാരനായ ചൊക്ലി പാറാലിലെ മുഹമ്മദ് നംഷിലും കുടുംബവും ഊട്ടിയിൽ പോയി മടങ്ങുകയായിരുന്നു. ബത്തേരി-ഊട്ടി അന്തസ്സംസ്ഥാനപാതയിലെ വനമേഖലയിലൂടെ വരുമ്പോൾ മുണ്ടക്കൊല്ലി ഭാഗത്തുവെച്ച് കാർ കേടായി.

ഇതുവഴി കടന്നുപോയ പലരോടും കൈനീട്ടി സഹായം അഭ്യർഥിച്ചു. എന്നാൽ വന്യമൃഗങ്ങളെ ഭയന്ന് ആരും നിർത്തിയില്ല. റോഡിലാകെ ഇരുട്ടായിരുന്നു. വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലത്താണ് വാഹനം നിന്നതെന്ന് കുടുംബം പിന്നീടാണറിഞ്ഞത്. നംഷിലിൻ്റെ കൂടെ മാതാവ് നസീമയും ഭാര്യ അസ്‌മിനയും മൂന്നുകുട്ടികളും സഹോദരി നിശയും മൂന്നുകുട്ടികളും ബന്ധുക്കളായ രണ്ടു പേരുമാണ് ഉണ്ടായിരുന്നത്. കാർ നിന്നതോടെ സ്ത്രീകൾ ഭയന്നു. കുട്ടികൾ ഉറക്കത്തിലായിരുന്നു. അപ്പോഴാണ് പോലീസ് വാഹനത്തിൻ്റെ ബീക്കൺ ലൈറ്റ് കണ്ടത്. ‘അത് വലിയ ആശ്വാസമായി’-നംഷിൽ പറയുന്നു. പട്രോളിങ്ങിന്റെ ഭാഗമായി അതുവഴി കടന്നുപോകുന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പോലീസാണ് യാദൃച്ഛികമായി എത്തിയത്. പോലീസ് വാഹനത്തിൽ സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ തയ്യാറായെങ്കിലും വാഹനം അവിടെ നിർത്തിയിടാൻ നംഷിൽ മടിച്ചു. തുടർന്ന് കേടായ വാഹനം നന്നാക്കാൻ ശ്രമം നടത്തി. ഒന്നരമണിക്കൂർ പരിശ്രമത്തിനൊടുവിൽ നേരത്തേ ഹൈവെ പോലീസിന്റെ ഡ്രൈവറായിരുന്ന സുരേഷ്‌കുമാർ വാഹനം സ്റ്റാർട്ടാക്കി. വാഹനം നന്നാക്കുമ്പോൾ പോലീസ് വാഹനത്തിൻ്റെ വെളിച്ചത്തിൽ വന്യമൃഗങ്ങൾ വരുന്നുണ്ടോയെന്ന് ഒന്നിച്ചുള്ള പോലീസുകാർ നോക്കിക്കൊണ്ടിരുന്നു.

പുലർച്ചെ മൂന്നിന് കുടുംബത്തെ പോലീസ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് കടത്തിവിട്ടു. സുരേഷിനുപുറമേ ബത്തേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി.ആർ. വിജയൻ, സിവിൽ പോലീസ് ഓഫീസറായ നിജോ എന്നിവരാണ് രക്ഷകരായത്. ‘എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കേരള പോലീസിന് ബിഗ് സല്യൂട്ട്’-നംഷിൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!