കൗമാരക്കാരിലും യുവാക്കളിലും പുകവലിയും ലഹരിപദാർഥങ്ങളുടെ ഉപയോഗവും വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതേത്തുടര്‍ന്ന് പലതരം ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി. ഭാവി തലമുറയെ മുഴുവനായി ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.
ലോകത്ത് പുകയില ഉപയോഗിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാം സ്ഥാനത്ത് ഇന്ത്യയുമാണ്. 27 കോടിയോളം പേരാണ് ഇന്ത്യയിൽ പുകയില ഉപയോഗിക്കുന്നത്. ഇതിൽ യുവാക്കളും വയോധികരും മാത്രമല്ല കുട്ടികളും ഉൾപ്പെടും. ഇന്ത്യയിൽ നടത്തിയ ടുബാക്കോ യൂത്ത് സർവൈലൻസ് പഠനം പ്രകാരം ആൺകുട്ടികളിൽ 57 ശതമാനവും പെൺകുട്ടികളിൽ 41 ശതമാനവും പുകയില ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നു.
ഇതിൽ ഭൂരിഭാഗം കുട്ടികളും ബീഡി, സിഗററ്റ് പോലുള്ള പുകയില ഉൽപന്നങ്ങൾ ആദ്യമായി ഉപയോഗിച്ചത് 10 വയസ്സിനു മുൻപാണ്. ഇത്തരം സാഹചര്യത്തിൽ നിന്നു കഴിവതും കുട്ടികളെ മാറ്റി നിർത്തുകയാണ് വേണ്ടത്.2012ൽ കേരളത്തിലും അത്തരത്തിലൊരു പഠനം നടത്തിയിരുന്നു. 14 മുതൽ 18 വയസ്സിനിടയിലുള്ള 3000 സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി കണ്ണൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് സർവേ സംഘടിപ്പിച്ചത്.
10 സ്കൂളിൽ നിന്നുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ചോദ്യാവലി നൽകി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ഇതു പ്രകാരം, പെൺകുട്ടികൾ ആരും പുകവലിച്ചിട്ടില്ലെങ്കിലും 5.5 ശതമാനം ആൺകുട്ടികളിലേക്ക് പുകവലി വ്യാപിച്ചെന്നു വ്യക്തമായി. ഈ കുട്ടികളിൽ എല്ലാവരുടെയും കുടുംബത്തിലോ പരിചയത്തിലോ സ്ഥിരം പുകവലിക്കുന്ന വ്യക്തികൾ ഉണ്ടെന്നും പഠനത്തിൽ തെളിഞ്ഞു.ഈ കണക്കിലെ 90 ശതമാനം കുട്ടികളും പുകവലിക്കുന്നുണ്ടെന്ന് അവരുടെ കുടുംബാംഗങ്ങൾക്ക് അറിയില്ല.
കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള അകൽച്ച എത്രത്തോളമാണെന്നും ഇതിലൂടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്തിയേ മതിയാകൂ. അവർക്കൊപ്പം സമയം ചെലവഴിക്കുകയും തുറന്നു സംസാരിക്കുകയും ചെയ്യുന്നത് അവരെ മോശം സ്വാഭാവങ്ങളിൽ നിന്നു തിരിച്ചുപിടിക്കാൻ സഹായിക്കും. പലപ്പോഴും സമപ്രായക്കാരായ കുട്ടികളുടെ നിർബന്ധം മൂലമാകാം പുകവലിയിലേക്ക് ആദ്യമായി ഒരു കുട്ടി ചുവടുവയ്ക്കുന്നത്.
അത്തരം സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കാനും കുട്ടികളിൽ അങ്ങനെയുള്ള സ്വാധീനങ്ങളുണ്ടാകാതിരിക്കാനും രക്ഷിതാക്കൾക്കു ശ്രദ്ധിക്കാം.ഒരു മനുഷ്യന്റെ ശ്വാസകോശം പൂർണ വളർച്ചയിലെത്തുന്നത് 20 വയസ്സാകുമ്പോഴാണ്. എന്നാൽ വളരെ ചെറുപ്പത്തിൽത്തന്നെ പുകവലിക്കുന്നത് ശ്വാസകോശത്തിന്റെ വളർച്ച മുരടിക്കാന്‍ ഇടയാക്കും. ഇത് ഭാവിയിൽ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കാം. ആസ്മ, സി.ഒ.പി.ഡി, ബ്രോംകൈറ്റിസ്, ലങ് ഡിസീസ് എന്നിവ വരാനുള്ള സാധ്യതയും താരതമ്യേന അധികമാണ്. ശ്വാസകോശത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തിനെയും പുകവലി സാരമായി ബാധിക്കും.
ഡോപ്പമിൻ റിവാർഡ് പാത്‌വേ വഴിയാണ് ഒരു വ്യക്തിക്ക് പുകയിലയോട് അടിമത്തമുണ്ടാകുന്നത്. നിക്കോട്ടിന് അടിമപ്പെട്ടവർക്ക് അത് കിട്ടാത്തപക്ഷം വിത്ഡ്രോവൽ സിംപ്റ്റംസ് കാണിക്കാം. പഠനത്തിൽ ശ്രദ്ധയില്ലാതാവുക. അക്രമാസക്തമാവുക എന്നിവയും ഉണ്ടായേക്കാം. ഇത്തരം ദോഷഫലങ്ങളെപ്പറ്റി കുട്ടികൾക്ക് കൃത്യമായി വിവരിച്ചുകൊടുക്കുന്നതും ഭവിഷ്യത്തുകളെപ്പറ്റി ബോധവാന്മാരാക്കുന്നതുമാണ് ഏറ്റവും നല്ലത്.
വിവരങ്ങൾക്കു കടപ്പാട് : ഡോ. സോഫിയ സലിം, സീനിയർ കൺസൽറ്റന്റ് പൾമണോളജിസ്റ്റ്, പട്ടം എസ്. യു. ടി ഹോസ്പിറ്റൽ