ഇരിട്ടി താലൂക്കാസ്പത്രി ബഹുനില കെട്ടിട സമുച്ചയത്തിന്റെ ടെൻഡറിന് അംഗീകാരം

ഇരിട്ടി: താലൂക്കാസ്പത്രി ബഹുനില കെട്ടിട സമുച്ചയ നിർമ്മാണത്തിന് ടെൻഡറായി.
കിഫ്‌ബി ഫണ്ടിൽ 64 കോടി രൂപ ചിലവിട്ടാണ് ആറ് നില കെട്ടിടം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ
കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.
രണ്ട് മാസത്തിനകം നിർമാണ പ്രവൃത്തി ആരംഭിക്കും. താലൂക്കാസ്പത്രി പരിസരത്തുണ്ടായിരുന്ന പഴകിപ്പൊളിഞ്ഞ സ്റ്റാഫ് ക്വാർട്ടേഴ്‌സുകൾ നിലനിന്ന സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് ഹൈടെക് കെട്ടിടം നിർമ്മിക്കുക.
ആധുനിക നിലവാരത്തിൽ ഉയരുന്ന ആസ്പത്രിയിലേക്ക് ഇരിട്ടി നേരമ്പോക്ക് വഴിയുള്ള റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള പ്രവർത്തനത്തിനും ജനകീയ കർമ്മസമിതി നേതൃത്വത്തിൽ തുടക്കമായി.ആറു നില കെട്ടിടം പൂർത്തിയാവുന്നതോടെ മലയോരത്തെ മികച്ച സൗകര്യങ്ങളുള്ള സർക്കാർ ആസ്പത്രിയായിഇരിട്ടി താലൂക്കാസ്പത്രി മാറും.