മട്ടന്നൂരിൽ ആയുർവേദ ആസ്പത്രി ഒരുങ്ങുന്നു

Share our post

മട്ടന്നൂർ: മട്ടന്നൂരിൽ നിർമിക്കുന്ന ആയുർവേദ ആശുപത്രിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. 15 കോടിയോളം രൂപ ചെലവഴിച്ചാണ് പഴശ്ശി കന്നാട്ടുംകാവിൽ ആയുർവേദ ആസ്പത്രി നിർമിക്കുന്നത്. 50 കിടക്കകളുള്ള ആസ്പത്രി എല്ലാവിധ ആധുനിക സൗകര്യങ്ങളും കൂടിയാണ് നിർമിക്കുന്നത്. ഒൻപതു കോടി രൂപ ചെലവഴിച്ചുള്ള ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. കെ.കെ.ശൈലജ എം.എൽ.എ മന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിന്റെ ആരോഗ്യ രംഗത്തിന് കരുത്തേകാൻ ആയുർവേദ ആസ്പത്രി അനുവദിച്ചത്. മൂന്നു നിലകളിലായി നിർമിക്കുന്ന ആസ്പത്രി ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിൽ ഉയർത്താനും പദ്ധതിയുണ്ട്.

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ആയുർവേദ ആസ്പത്രിക്ക് രണ്ടാംഘട്ട പ്രവൃത്തികൾക്കായി രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാംഘട്ട നിർമാണത്തിനുള്ള വിശദ പദ്ധതിരേഖയും സമർപ്പിച്ചിട്ടുണ്ട്. ആയുർവേദത്തിന്റെ പരമ്പരാഗത ചികിത്സാ രീതികൾക്കൊപ്പം തന്നെ അധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമാണ് ആസ്പത്രിയിൽ ലഭ്യമാക്കുക.

മട്ടന്നൂർ നഗരത്തിൽ സർക്കാർ സ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ നിർമാണം പുരോഗമിക്കുമ്പോഴാണ് നാലു കിലോമീറ്റർ അകലെ പഴശ്ശിയിൽ ആയുർവേദ ആസ്പത്രിയും ഒരുങ്ങുന്നത്. രണ്ട് ആസ്പത്രികളും യാഥാർഥ്യമാകുന്നതോടെ വിമാനത്താവള നഗരമായ മട്ടന്നൂരിൽ ചികിത്സാരംഗത്തെ പോരായ്മകൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടേറെ പരാധീനതകൾക്കിടയിലാണ് നിലവിൽ മട്ടന്നൂരിലെ സാമൂഹികാരോഗ്യ കേന്ദ്രം പ്രവർത്തിച്ചുവരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!