കൊല്ലത്ത് അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Share our post

കൊല്ലം: കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

ഇന്ന് രാവിലെയാണ് മരണം സംഭവിച്ച വിവരം പൊലീസിനും ബന്ധുക്കൾക്കും ലഭിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്. മക്കളുടെ മൃതദേഹം ഹാൻഡ് റെയിലിൽ നിന്നും താഴേക്ക് കെട്ടിത്തൂക്കിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് അച്ഛന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടികളുടെ അമ്മ ഡോക്ടറാണ്. തൊട്ടടുത്തുള്ള എസ്എൻ വി സദനത്തിൽ താമസിച്ച് പിജിക്ക് പഠിക്കുകയാണ് ഇവർ.

ഇവർ തമ്മിൽ കുടുംബവഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചതെന്നാണ് പൊലീസിന്റെ നി​ഗമനം. മക്കളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്ന നി​ഗമനത്തിൽ തന്നെയാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു. ബന്ധുക്കളക്കം സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!