വായ്പ കൃത്യമായി അടച്ചതിന് പ്രധാനമന്ത്രിയുടെ പ്രശംസ; സർക്കാർചെലവിൽ റിപ്ലബിക് ദിനാഘോഷം കാണാൻ ഡൽഹിക്ക്

Share our post

മഞ്ചേരി: അൻപത്തിരണ്ടാംവയസ്സിലും കപ്പയും കഞ്ഞിയും വെച്ച് നാട്ടുകാർക്ക് സ്‌നേഹത്തോടെ വിളമ്പി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന കൊള്ളിത്തോട് കദിയയും ഭർത്താവ് റഷീദും ഇനി ഡൽഹിയിലേക്കു തിരിക്കും, റിപ്പബ്ലിക്‌ ദിനാഘോഷം കാണാൻ. പ്രധാനമന്ത്രിയെ കാണാനും ഇവർക്ക് അവസരമുണ്ടാകും. ഇതിനായി കേന്ദ്രസർക്കാരിൽനിന്ന് ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണിവർ.

പ്രധാനമന്ത്രി സ്വനിധിയിൽനിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചവരിൽനിന്ന് തിരഞ്ഞെടുത്തവർക്കാണ് സംസ്ഥാനത്തുനിന്ന് റിപ്പബ്ലിക്‌ദിനാഘോഷം കാണാനും പ്രധാനമന്ത്രിയെ നേരിൽക്കാണാനും അവസരമൊരുക്കുന്നത്. പി.എം. സ്വനിധി പദ്ധതിപ്രകാരം തെരുവുകച്ചവടക്കാർക്ക് അനുവദിക്കുന്ന സൂക്ഷ്മ വായ്പയെടുത്ത് മൂന്നുതവണയും കൃത്യമായി തിരിച്ചടവ് നടത്തി ഉപജീവനംതേടുന്ന വനിതകൾക്കാണ് മുൻഗണന. മഞ്ചേരി നഗരസഭാ കുടുംബശ്രീ മുഖേനയാണ് കദിയയെ ശുപാർശചെയ്തത്.

മഞ്ചേരി-കോഴിക്കോട് റോഡിൽ ഉന്തുവണ്ടിയോടൊപ്പം ഷെഡ് കെട്ടി വർഷങ്ങളായി തട്ടുകട നടത്തിവരുകയാണ് മങ്കട പള്ളിപ്രം സ്വദേശികളായ കദിയയും ഭിന്നശേഷിക്കാരനായ ഭർത്താവും. ലോറിസ്റ്റാൻഡിലെ തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും രുചികരമായ ഭക്ഷണം വെച്ചുവിളമ്പി ഇവരും കടയും എല്ലാവർക്കും പ്രിയമായി. ചായ, കഞ്ഞി, നെയ്‌ച്ചോർ, ബീഫ്, കപ്പ എന്നിവയൊക്കെയാണ് ഇവിടെയെത്തുന്നവരുടെ ഇഷ്ടവിഭവങ്ങൾ. കുറഞ്ഞവിലയാണ് ആകർഷണം.

കാലത്ത് നാലുമണിക്കുവന്ന് ഭക്ഷണമൊരുക്കുന്ന കദിയ ഒറ്റയ്ക്കുതന്നെയാണ് എല്ലാ ജോലികളും ചെയ്യുന്നത്. 2020-ൽ സ്വനിധിയിൽനിന്ന് പതിനായിരം രൂപ വായ്പയെടുത്തു. അത് അടച്ചുതീർന്നപ്പോൾ സ്വനിധിയുടെതന്നെ രണ്ടാംഘട്ടമായ 20,000 രൂപയും കൂടി വാങ്ങി. ഇടക്കാലത്ത് കോവിഡ് എത്തിയപ്പോൾ തിരിച്ചടവ് പ്രതിസന്ധിയിലായെങ്കിലും വൈകാതെ വീട്ടി. മൂന്നാമത്തെ ഘട്ടത്തിൽ 50,000 രൂപ വായ്പ അനുവദിച്ചു. ഇത് മുടങ്ങാതെ അടച്ചുവരുകയാണ്.

ഡൽഹിക്ക് ക്ഷണം കിട്ടിയതറിഞ്ഞതോടെ നാട്ടിലും തട്ടുകടയിൽ വരുന്നവർക്കിടയിലും കദിയ ഇപ്പോൾ താരമാണ്. ദൈവത്തിന് സ്തുതി, ജീവിതത്തിൽ ഇതിൽക്കൂടുതൽ അംഗീകാരം കിട്ടാനില്ലെന്നാണ് കദിയയ്ക്കും ഭർത്താവിനും പറയാനുള്ളത്. ഡൽഹിയിൽ പോകണം, മോദിയെ കാണണം. ഈ സന്തോഷം ലോകത്തോട് വിളിച്ചുപറയണം -അവർ പറയുന്നു.

കടയിൽ നല്ല തിരക്കാണ്. എങ്കിലും ചായ കുടിക്കാനെത്തിയവരോടെല്ലാം ഡൽഹി യാത്രയെക്കുറിച്ചുള്ള സന്തോഷം പങ്കുവെക്കുകയാണ് കദിയ. 23-ന് കോഴിക്കോട്ടുനിന്ന് ട്രെയിൻ യാത്രയ്ക്കൊരുങ്ങാൻ നിർദേശമുണ്ടെന്നും കുറച്ചുദിവസം കട അടച്ചിടുമെന്നും അവർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!