ജനുവരി 22ന് ഈ സംസ്ഥാനങ്ങളിൽ ഒരുതുളളി മദ്യം കിട്ടില്ല; കർശന നിർദ്ദേശങ്ങൾ പുറത്തുവിട്ട് സർക്കാർ

ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പടെയുളള മൂന്ന് സംസ്ഥാനങ്ങളിൽ പൂർണമായും മദ്യ വിൽപ്പന നിരോധിക്കാൻ ഉത്തരവ്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, അസം, എന്നീ സംസ്ഥാനങ്ങളിലാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് പൂർണമായും മദ്യവിൽപ്പന നിരോധിച്ചിരിക്കുന്നത്.
ഛത്തീസ്ഗഡിൽ ജനുവരി 22ന് മദ്യവിൽപ്പന പൂർണമായും നിരോധിക്കുമെന്ന് കഴിഞ്ഞ ആഴ്ച തന്നെ മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അറിയിച്ചിരുന്നു. സംസ്ഥാനത്തെ മദ്യവിൽപ്പന കേന്ദ്രങ്ങൾ, പബ്ബുകൾ, ബാറുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അന്നേദിവസം പൂർണമായും മദ്യം നിരോധിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിൽ നിന്നും 300 മെട്രിക് ടൺ അരിയും പച്ചക്കറികളും ഉത്തർപ്രദേശിലേക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് അറിയിച്ചു.
ഉത്തർപ്രദേശിലും അന്നേദിവസം പൂർണമായും മദ്യനിരോധനം നടപ്പാക്കാൻ ഉത്തരവിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ശീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവം പോലെ ആഘോഷിക്കണമെന്നും അന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി ആയിരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ധർമ്മ പാഥ, ജൻമഭൂമി പാഥ, ഭക്തി പാഥ്, രാം പാഥ് തുടങ്ങിയ നഗരങ്ങൾ പൂർണമായും ശുചീകരിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നിലവിൽ ശുചീകരണത്തിനായി സംസ്ഥാനത്ത് 3800ൽ പരം തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെന്നും 1500 പേരെ അധികമായി നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അസമിലും ജനുവരി 22ന് പൂർണമായും മദ്യ വിൽപ്പന നിരോധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി ജയന്ത് മല്ല ബറുവ അറിയിച്ചു. ജയ്‌പൂർ മുൻസിപ്പാലിറ്റിയിലെ പൈതൃക പ്രദേശങ്ങളിൽ മദ്യവിൽപ്പന പൂർണമായും നിരോധിച്ചിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അറിയിച്ചു. അതേസമയം, ബിജെപി അധികാരത്തിലുളള മഹാരാഷ്ട്രയിൽ ജനുവരി 22ന് പൂർണമായും മദ്യനിരോധനം നടപ്പിലാക്കിയിട്ടില്ല.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തൊട്ടാകെ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിൽ അന്നേ ദിവസം പ്രത്യേക പൂജനടത്തണമെന്ന ഉത്തരവും കേന്ദ്രം ഇറക്കിയിട്ടുണ്ട്. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയം ജനങ്ങളോട് വീടുകളിൽ ദീപം തെളിയിക്കാനും കേന്ദ്രം നിർദ്ദേശിച്ചു.